Monday, October 27, 2008

ദീപാവലികള്‍ വരും പോകും...


കല്ലും തരിയും കൊഴിച്ചുമാറ്റി
നീര്‍ചേര്‍ത്തു നന്നായ്പ്പതമണച്ചു
ചെങ്കളിക്കായിരം വടിവിണക്കി
മെനയുമാക്കാലപ്പെരുംകുശവന്‍
തീര്‍ക്കുന്നു ബിംബങ്ങള്‍,
ദീപികാസ്തംഭങ്ങള്‍,
മഞ്ജുളശില്‍പങ്ങള്‍,
മണ്‍ചെരാതും.

തിരുമുമ്പിലെരിയുന്ന നെയ്ത്തിരിയും
സകലതുമെരിക്കുമാ ബഡവാഗ്നിയും
ഒരു കൈത്തിരിതന്‍ പ്രതീക്ഷയാവാം
ഒരു മണ്‍വിളക്കിന്റെസ്വപ്നമാവാം
വെറുതേ വെറും ചേടിമണ്ണാല്‍ മെനഞ്ഞൊരീ -
ച്ചെറുമണ്‍ചെരാതിന്റെ ജീവനാളം
നിറദീപമാലയിലൊരു കണ്ണിമാത്രമായ്‌
ചെറുകാറ്റിലണയുവാനുണരുകില്ല
വിജനമൊരു ജീവിതക്കവലയില്‍ വഴിയുഴറി
കനമേറുമിരുളില്‍ പകയ്ക്കുന്ന പഥിക,
നിന്‍ വഴിയിലൊരിറ്റുവെളിച്ചമായ്പൊലിയണം
ഒടുവില്‍കരിന്തിരിയാളുമാനേരവും

പ്രാര്‍ത്ഥനയതുമാത്രമതുസാധ്യമാവുകില്‍
സാര്‍ത്ഥകമാകുമെന്‍ദീപജന്‍മം

(ജനകീയപത്രം ദ്വൈവാരിക ഫെബ്രുവരി 2009)

5 comments:

  1. കവിത നന്നായി.അടുത്ത ദിവസം മറ്റൊന്നു കൊളുത്തുക.
    രാവണനെ നിഗ്രഹിച്ചു സീതയെ വീണ്ടെടുത്ത ശ്രീരാമനോട് ലക്ഷ്മണന്‍ ചോദിച്ചു “ജ്യേഷ്ഠ, ഇനി അയോധ്യയിലേക്കു തിരിച്ചു പോകണോ? ഭരതന്‍ അവിടെ രാജാവായിരുന്നോട്ടെ; സമ്പത്സമൃദ്ധമായ ലങ്കവിട്ടു നാം പോകണോ?”
    ഇതിന്നു ശ്രീരാമനെക്കൊണ്ടു ആദികവി പറയിപ്പിച്ച ഉത്തരം മുഴുവന്‍ ഭാരതീയരേയും കോരിത്തരിപ്പിച്ചു; ഇന്നും അങ്ങനെത്തന്നെ.
    “അപി സ്വര്‍ണ്ണമയീ ലങ്കാ
    ന മേ ലക്ഷ്മണ രോചതേ
    ജനനീ ജന്മഭൂമിശ്ച
    സ്വര്‍ഗ്ഗാദപി ഗരീയസീ”
    പരിഭാഷ:
    “ലങ്കപൊന്നാകിലും തെല്ലും
    താല്പര്യമതിലില്ല മേ;
    പെറ്റമ്മയും പെറ്റനാടും
    സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരം”

    അങ്ങനെ പറഞ്ഞു അയോദ്ധ്യയിലേക്കു തിരിച്ചുപോയ ശ്രീരാമനെ വരവേല്ക്കാന്‍ വഴിനീളെ വിളക്കുകൊളുത്തിയത്രേ അയോദ്ധ്യക്കാര്‍.
    ജന്മഭൂമിയുടെ മഹത്വമാകട്ടേ ദീപാവലിയുടെ സന്ദേശം.
    ജ്യോതിസ്സിലെ കവിക്കും കമന്റിട്ടവര്‍ക്കുംകേരളക്കാര്‍ക്കും മുഴുവന്‍ ഭാരതീയര്‍ക്കും ദീപാവലി ആശംസകള്‍!

    ReplyDelete
  2. സുന്ദരം

    ReplyDelete
  3. ഇതു കവിത.വളരേ വളരേ ഇഷ്ടപ്പെട്ടു

    ReplyDelete
  4. “...വിജനമൊരു ജീവിതക്കവലയില്‍ വഴിയുഴറി
    കനമേറുമിരുളില്‍ പകയ്ക്കുന്ന പഥിക,
    നിന്‍ വഴിയിലൊരിറ്റുവെളിച്ചമായ്പൊലിയണം
    ഒടുവില്‍കരിന്തിരിയാളുമാനേരവും...”

    വളരെ നന്നായിരിയ്ക്കുന്നു ചേച്ചീ.
    :)

    ReplyDelete
  5. അജ്ഞാതസുഹൃത്തിനും, ലക്ഷ്മിക്കും ശ്രീക്കും സനാതനനനും നന്ദി..

    ReplyDelete