Saturday, October 25, 2008

ചരിത്രത്തില്‍നിന്നും ഒരു ചുമടുതാങ്ങി




തറവാടിന്റെ തെക്കേയതിരില്‍
തലയുയര്‍ത്തി നിന്നിരുന്നു .
വാക്കും വരിയും ചേര്‍ക്കാന്‍ പഠിച്ച്‌
വായിച്ചറിഞ്ഞു ,
'പടിഞ്ഞാറേവീട്ടില്‍ നാണിയമ്മ വക' .

അക്കരെക്കണ്ടത്തിലെ കറ്റയ്ക്കും
അയ്യരുടെ കളത്തിലെ കച്ചിയ്ക്കും
അരിക്കാരിയുടെ ഐയ്യാറെട്ടുവട്ടിയ്ക്കും
വെളുത്തേടന്റെ വിഴുപ്പുകെട്ടിനും
ചക്കാട്ടിയുടെ കൊപ്രച്ചുമടിനും
നേരവും കാലവുമൊത്ത്‌ ഇരിപ്പിടം .
ചിറപ്പാടം ചേറാക്കിയ എരുതിനും
ഊര്‍ച്ചക്കാരനും പെണ്ണിനും
വേര്‍പ്പാറ്റാന്‍, പശിതീര്‍ക്കാന്‍ തണലിടം

കരകാട്ടവും കുമ്മാട്ടിയും
കുട്ടിയും കോലും കിസേപ്പിയും
പുടമുറിയും പുറത്തുമാറലും
കളിച്ചു തളര്‍ന്ന ഇടവേളകളില്‍
ഉപ്പും കാന്താരിയും പച്ചപ്പുളിങ്ങയും
നാവിലെരിവായ്‌ പടര്‍ന്നപ്പോഴും
കുളിര്‍ന്നും ഭയന്നും
കളിക്കൂട്ടുകാരന്‌ കാതോര്‍ത്തപ്പോഴും
പിന്നെയൊരു ഋതുപ്പകര്‍ച്ചയില്‍
കളിമുറ്റം അന്യമായപ്പോഴും
സാക്ഷിയായി അവിടെയുണ്ടായിരുന്നു.

വിശ്രമമില്ലാച്ചുമടുകള്‍
നിരത്തില്‍ പായാന്‍തുടങ്ങിയതും
പെരുന്തടിച്ചൂളകളില്‍
പാടത്ത്‌ ചേറ്‌ ഇഷ്ടികച്ചുമപ്പാര്‍ന്നതും
പുല്ലാനിച്ചുമടുമേന്തി പുഴകടന്ന്‌
പെണ്ണുങ്ങളൂം
വേനല്‍പ്പള്ളസ്വര്‍ണ്ണവെള്ളരികളുമായി
എഴുത്തശ്ശന്‍മാരും
ചാന്തും കണ്‍മഷിയും വില്‍ക്കാന്‍
വളച്ചെട്ടികളും വരാതായതും
പിന്നേയും ഏറെക്കഴിഞ്ഞാണ്‌

പച്ച പടര്‍ന്ന പാളന്‍കല്ലുകളില്‍
ചൊറിയന്‍പുഴുക്കള്‍ കൂടൂകൂട്ടി
ഓര്‍മ്മകളുടെ ഒരു ഇരുണ്ടുവെളുപ്പില്‍
അവശേഷിപ്പികളൂം അടയാളങ്ങളുമില്ലാതെ
എല്ലാം മറഞ്ഞുപോയി .


കശേരുക്കള്‍ ഞെരിയുമ്പോള്‍
ഏതാകാശച്ചുമടും താങ്ങാന്‍ കെല്‍പോടെ
ഉയിര്‍ക്കാറൂണ്ട്‌,
ശൂന്യസ്ഥലികളില്‍
പൊടുന്നനെ
ഒരു ചുമടുതാങ്ങി.

(മാധ്യമം ആഴ്ച്ചപ്പതിപ്പ്‌ മാര്‍ച്ച്‌ 2009)

9 comments:

  1. വായിച്ചു. അത്താണി എന്ന വാക്കിനാണ്‌ കൂടുതല്‍ അര്‍ത്ഥ വിടര്‍ച്ച എന്നു തോന്നുന്നു. വെറും തോന്നലാവാം.
    കൊച്ചു പുസ്‌തകം ഒളിച്ചു വായിച്ചത്‌ ഒഴിവാക്കും ഞാനാണ്‌ ഇതെഴുതിയതെങ്കില്‍.
    കവിത മൊത്തത്തില്‍ എനിക്കിഷ്ടമായി.
    ഒന്നുകൂടി കാച്ചിക്കുറുക്കാമോ?
    എങ്കില്‍ സുഗേയമായി.
    -നളിനരഞ്‌ജനന്‍

    ReplyDelete
  2. എന്തുകൊണ്ടും സ്വീകാര്യമായ അഭിപ്രായം. നന്ദി സുഹൃത്തേ...

    ReplyDelete
  3. വാക് ചിത്രങ്ങ‌ള്‍ തന്നെ.നന്നായിരിയ്ക്കുന്നു ജ്യോതിബായ്.

    ReplyDelete
  4. നന്നായി

    ഇതുപോലൊരു അത്താണി ഞങ്ങടെ നാട്ടിലും ഉണ്ട്

    ReplyDelete
  5. വളരെ വളരെ മനോഹരം, കാലത്തിന്റെ മൂകസാക്ഷിയായ ഈ ചുമടുതാങ്ങിയെ കുറിച്ചുള്ള വരികൾ

    ReplyDelete
  6. ചരിത്രത്തിന്റെ തിരുശേഷിപ്പൂകള്‍,.. നന്നായിട്ടുണ്ട്‌ മാഷേ..

    ReplyDelete
  7. നല്ല കവിത.നാട്ടുഭാഷ.അത്താണികളില്ലാത്ത പുതിയ കാലത്തിന്റെ ഇല്ലായ്മകളിലേക്ക്‌ വല്ലായ്മകളിലേക്ക്‌ ഒര്‍മകളില്‍ നിന്ന്‌ വീണ്ടും...ഒരത്താണി

    ReplyDelete
  8. നന്ദി മഹി,നിയാസ്‌,ലക്ഷ്മി,പ്രിയ ,ജയകൃഷ്ണന്‍, നളിനരഞ്ജനന്‍..

    ReplyDelete
  9. പിയുടെ നാട്ടുകാരി,,,,ബെസ്റ്റ് വിഷസ്

    ReplyDelete