Friday, October 31, 2008

വീടില്ലാക്കുഞ്ഞുങ്ങള്‍


പിരിയുംനേരം
പതിവുചുംബനം ഉണ്ടായില്ല
ഒന്നുകൈവീശിയില്ല
പകരമൊരു ചോദ്യം
നമുക്കൊരു കുഞ്ഞു വേണ്ടേ?
നമ്മുടെ മാത്രം കുഞ്ഞ്‌ ..

പോറ്റിക്കൊള്ളാം പെറ്റോളു
ഞാന്‍ ഏറ്റു
അമ്മ നീ ഞാന്‍ അച്ഛന്‍
തിരിച്ചുമാവാം

നമ്മുടെ കുഞ്ഞുങ്ങള്‍!
*പുഞ്ചിരിക്കതിര്‍ ചുണ്ടുകള്‍
സ്വപ്നം മയങ്ങും കണ്ണുകള്‍
കനകച്ചിലങ്കയണിഞ്ഞ*
കുഞ്ഞിക്കാലടിച്ചെത്തങ്ങള്‍
നിറയ്ക്കാം വീടകമെല്ലാം നമുക്ക്‌

എന്റെ വീട്‌? അതോ നിന്റെയൊ?

**കാവ്യനര്‍ത്തകി



(സാകേതം മാസിക)

പൂശാരിയമ്മന്‍



ഈറന്‍തറ്റും മേലേ പട്ടും
മാറില്‍ നിറയെ കളഭക്കൂട്ടും
ഉച്ചിയില്‍നില്‍ക്കും നാലിഴമുടിയില്‍
തെച്ചിപ്പൂവും തുളസിക്കതിരും
കണ്ണിലെഴുത്തും
ചുണ്ടില്‍ മുറുക്കാന്‍ചണ്ടിച്ചോപ്പും
അരിയും നീരും
ഊറ്റം വാളാല്‍ തോറ്റിയുണര്‍ത്തിയ
നെറ്റിയില്‍ മഞ്ഞക്കുറി, കുങ്കുമവും
കോമരമൂഴം കാത്തുകിടന്നൂ
*പൂമിതിയുണരും കോവില്‍വഴിയില്‍.

ഒപ്പാരിന്നല തപ്പുംപറയും
ഒപ്പമുയര്‍ന്നൂ ശംഖുമുഴങ്ങീ
നീറ്റുനെരുപ്പിന്‍ ശയ്യയൊരുങ്ങീ
കാറ്റില്‍ ചെന്തീക്കനലു മിനുങ്ങീ.

കോമരമുള്ളില്‍ പോറ്റിയ പെണ്ണോ
കൂടു വെടിഞ്ഞൂ കൂട്ടുപിരിഞ്ഞോള്‍.

അരമണിയില്‍നിന്നുതിരും ചിരിയായ്‌
വിറവാള്‍മുറിവില്‍ മഞ്ഞള്‍ത്തണുവായ്‌
പൂമിതി താണ്ടും കാലിനു വിരിയായ്‌
ചൂടും വേവുമകറ്റും കുളിരായ്‌
കോപം വിത്തായ്‌ പാകീട്ടൊപ്പം
താപമണയ്ക്കാന്‍ വേപ്പിലയായോള്‍
എന്നും തുണയായ്‌ കൂടെ നടന്നോള്‍
നിന്നൂ കോവില്‍വഴിയില്‍ത്തനിയേ

ആടികറുത്തുതിമര്‍ത്തൊരുരാവില്‍
കൂടിയതാണവള്‍ തുണയായൊപ്പം
കോമരമന്നൊരു ചേക്കിടമായീ
കോവിലൊരുങ്ങീ കുംഭമൊരുങ്ങീ
വെളിപാടായീ കല്‍പ്പനയായീ
വഴിയായ്‌ നേര്‍ച്ചകള്‍,കാഴ്ച്ചകളായീ
പൊങ്കല്‍നാളിലുടുക്കും പാട്ടും
പൊന്തീ തകിലടി നാദസ്വരവും
രാവിലൊരുങ്ങീ പൂമിതി
ഭക്തനു നോവറിയാതെ നടത്തീ ദേവി
കനലിന്‍മേലേ കനിവിന്‍ വിരിയായ്‌
കാലടി തഴുകിക്കാത്തൂ ദേവി

എങ്കിലുമൊരുനാളൊരുവെളിപാടി-
ന്നൂറ്റമടങ്ങിയ നേരത്തൊടുവില്‍
കോവിലിലവളെയുമൊറ്റയ്ക്കാക്കി
കോമരമെന്തേ തിരികെപ്പോയീ?

ചെത്തിപ്പൂവിന്‍ ചോപ്പും മങ്ങീ
വിണ്ണിന്‍ ചെന്തീക്കണ്ണു മയങ്ങീ
ഒപ്പാരിന്നൊലി മെല്ലെയടങ്ങീ
തപ്പുംപറയും തേങ്ങിമടങ്ങീ
എന്നും തുണയായ്‌ കൂടെ നടന്നോള്‍
പൊള്ളും വെയിലില്‍ തണലായ്‌ നിന്നോള്‍
ചേക്കയുടല്‍പോയ്‌ താങ്ങുംപോയോള്‍
നില്‍പ്പൂ കണ്ണീര്‍മഴയില്‍ത്തനിയേ
നില്‍പ്പൂ കാണാമറയില്‍ത്തനിയേ.

*പൂമിതി-മാരിയമ്മന്‍ പൊങ്കല്‍ ഉത്സവനാളിലെ ഒരു ചടങ്ങായ കനല്‍ചാട്ടത്തിനായി ഒരുക്കുന്ന ഇടം. കനല്‍ക്കിടക്കയില്‍ കിടക്കുന്ന ദേവിയാണ്‌ അതില്‍ നടക്കുന്ന ഭകതനെ കാക്കുന്നത്‌ എന്നു സങ്കല്‍പം

Tuesday, October 28, 2008

പരിഭാഷ- കടലിന്റെ പകല്‍വാര്‍പ്പ്‌ ,ബീച്ച്‌ -Sophia de Mello Breyner Andresen

Sophia de Mello Breyner Andresen ന്റെ Dia do mar no ar -(Portuguese )- Day of the Sea in the Air എന്ന കവിതയുടെ പരിഭാഷ


കടലിന്റെ പകല്‍വാര്‍പ്പ്‌

നിഴലുകളെക്കൊണ്ടും
കുതിരകളെക്കൊണ്ടും
പീലികള്‍ കൊണ്ടും
അന്തരീക്ഷത്തില്‍
കടലിന്റെ പകല്‍വാര്‍പ്പ്‌

പുഷ്പത്തിനും മൃഗത്തിനുമിടയില്‍
മെഡുസയേപ്പോലെ തെന്നിപ്പോകുന്ന
ന്റെ നിദ്രാടകച്ചുവടുകള്‍ .
ന്റെയറയുടെ സമഘനതയില്‍
കടലിന്റെ പകല്‍വാര്‍പ്പ്‌

കടലില്‍
കടലിന്റെ പകല്‍വാര്‍പ്പ്‌.
പകലേറ്റം.
തിരനുരമുകളില്‍
മേഘങ്ങള്‍ക്കുമുയരെ
വളഞ്ഞും പുളഞ്ഞും
അപ്രത്യക്ഷമാവുന്ന
കടല്‍കൊക്കുകളായി
ന്റെ ചേഷ്ടകള്‍

ഇങ്ക്‌ളീഷ്‌ പരിഭാഷ ഇവിടെ


ബീച്ച്‌ -Beech-Sophia de Mello Breyner Andresen

വീശിയ കാറ്റില്‍ പൈന്‍മരങ്ങള്‍ ഞരങ്ങി
സൂര്യതാഡനമേറ്റ്‌
മണ്ണിനുമേല്‍ കല്ലുകള്‍ എരിഞ്ഞു
ഉപ്പില്‍പൊതിഞ്ഞ ,
മത്സ്യതേജസ്സുള്ള
വിചിത്രരൂപികളായ സമുദ്രദേവന്‍മാര്‍
ഭൂമിയുടെ വിളുമ്പില്‍
ഉലാത്താനിറങ്ങി .
വെളിച്ചത്തിനെതിരേ
കാട്ടുപറവകള്‍ പൊടുന്നനെ
കല്ലുകളെന്നപോലെ ചുഴറ്റിയെറിയപ്പെട്ടു .
ശകലിതമായി ഉയര്‍ന്ന
അവയുടെ ഉടലുകള്‍ ശുന്യതയെടുത്തു .
ശിരോപ്രഹരത്താല്‍
വെളിച്ചത്തെ ഇടിച്ചുടക്കാന്‍ നോക്കിയ
തിരകളുടെ നെറ്റിത്തടം
ജലച്ചുരുളുകളാല്‍ അലംകൃതമായി .
പാമരങ്ങളൂടെ
പൌരാണികമായ ഗൃഹാതുരത
പൈനുകളെ ആലോലമാട്ടി.

Monday, October 27, 2008

ദീപാവലികള്‍ വരും പോകും...


കല്ലും തരിയും കൊഴിച്ചുമാറ്റി
നീര്‍ചേര്‍ത്തു നന്നായ്പ്പതമണച്ചു
ചെങ്കളിക്കായിരം വടിവിണക്കി
മെനയുമാക്കാലപ്പെരുംകുശവന്‍
തീര്‍ക്കുന്നു ബിംബങ്ങള്‍,
ദീപികാസ്തംഭങ്ങള്‍,
മഞ്ജുളശില്‍പങ്ങള്‍,
മണ്‍ചെരാതും.

തിരുമുമ്പിലെരിയുന്ന നെയ്ത്തിരിയും
സകലതുമെരിക്കുമാ ബഡവാഗ്നിയും
ഒരു കൈത്തിരിതന്‍ പ്രതീക്ഷയാവാം
ഒരു മണ്‍വിളക്കിന്റെസ്വപ്നമാവാം
വെറുതേ വെറും ചേടിമണ്ണാല്‍ മെനഞ്ഞൊരീ -
ച്ചെറുമണ്‍ചെരാതിന്റെ ജീവനാളം
നിറദീപമാലയിലൊരു കണ്ണിമാത്രമായ്‌
ചെറുകാറ്റിലണയുവാനുണരുകില്ല
വിജനമൊരു ജീവിതക്കവലയില്‍ വഴിയുഴറി
കനമേറുമിരുളില്‍ പകയ്ക്കുന്ന പഥിക,
നിന്‍ വഴിയിലൊരിറ്റുവെളിച്ചമായ്പൊലിയണം
ഒടുവില്‍കരിന്തിരിയാളുമാനേരവും

പ്രാര്‍ത്ഥനയതുമാത്രമതുസാധ്യമാവുകില്‍
സാര്‍ത്ഥകമാകുമെന്‍ദീപജന്‍മം

(ജനകീയപത്രം ദ്വൈവാരിക ഫെബ്രുവരി 2009)

Saturday, October 25, 2008

ചരിത്രത്തില്‍നിന്നും ഒരു ചുമടുതാങ്ങി




തറവാടിന്റെ തെക്കേയതിരില്‍
തലയുയര്‍ത്തി നിന്നിരുന്നു .
വാക്കും വരിയും ചേര്‍ക്കാന്‍ പഠിച്ച്‌
വായിച്ചറിഞ്ഞു ,
'പടിഞ്ഞാറേവീട്ടില്‍ നാണിയമ്മ വക' .

അക്കരെക്കണ്ടത്തിലെ കറ്റയ്ക്കും
അയ്യരുടെ കളത്തിലെ കച്ചിയ്ക്കും
അരിക്കാരിയുടെ ഐയ്യാറെട്ടുവട്ടിയ്ക്കും
വെളുത്തേടന്റെ വിഴുപ്പുകെട്ടിനും
ചക്കാട്ടിയുടെ കൊപ്രച്ചുമടിനും
നേരവും കാലവുമൊത്ത്‌ ഇരിപ്പിടം .
ചിറപ്പാടം ചേറാക്കിയ എരുതിനും
ഊര്‍ച്ചക്കാരനും പെണ്ണിനും
വേര്‍പ്പാറ്റാന്‍, പശിതീര്‍ക്കാന്‍ തണലിടം

കരകാട്ടവും കുമ്മാട്ടിയും
കുട്ടിയും കോലും കിസേപ്പിയും
പുടമുറിയും പുറത്തുമാറലും
കളിച്ചു തളര്‍ന്ന ഇടവേളകളില്‍
ഉപ്പും കാന്താരിയും പച്ചപ്പുളിങ്ങയും
നാവിലെരിവായ്‌ പടര്‍ന്നപ്പോഴും
കുളിര്‍ന്നും ഭയന്നും
കളിക്കൂട്ടുകാരന്‌ കാതോര്‍ത്തപ്പോഴും
പിന്നെയൊരു ഋതുപ്പകര്‍ച്ചയില്‍
കളിമുറ്റം അന്യമായപ്പോഴും
സാക്ഷിയായി അവിടെയുണ്ടായിരുന്നു.

വിശ്രമമില്ലാച്ചുമടുകള്‍
നിരത്തില്‍ പായാന്‍തുടങ്ങിയതും
പെരുന്തടിച്ചൂളകളില്‍
പാടത്ത്‌ ചേറ്‌ ഇഷ്ടികച്ചുമപ്പാര്‍ന്നതും
പുല്ലാനിച്ചുമടുമേന്തി പുഴകടന്ന്‌
പെണ്ണുങ്ങളൂം
വേനല്‍പ്പള്ളസ്വര്‍ണ്ണവെള്ളരികളുമായി
എഴുത്തശ്ശന്‍മാരും
ചാന്തും കണ്‍മഷിയും വില്‍ക്കാന്‍
വളച്ചെട്ടികളും വരാതായതും
പിന്നേയും ഏറെക്കഴിഞ്ഞാണ്‌

പച്ച പടര്‍ന്ന പാളന്‍കല്ലുകളില്‍
ചൊറിയന്‍പുഴുക്കള്‍ കൂടൂകൂട്ടി
ഓര്‍മ്മകളുടെ ഒരു ഇരുണ്ടുവെളുപ്പില്‍
അവശേഷിപ്പികളൂം അടയാളങ്ങളുമില്ലാതെ
എല്ലാം മറഞ്ഞുപോയി .


കശേരുക്കള്‍ ഞെരിയുമ്പോള്‍
ഏതാകാശച്ചുമടും താങ്ങാന്‍ കെല്‍പോടെ
ഉയിര്‍ക്കാറൂണ്ട്‌,
ശൂന്യസ്ഥലികളില്‍
പൊടുന്നനെ
ഒരു ചുമടുതാങ്ങി.

(മാധ്യമം ആഴ്ച്ചപ്പതിപ്പ്‌ മാര്‍ച്ച്‌ 2009)

Wednesday, October 22, 2008

ഒരു ഉത്തരാധുനിക അലക്ക്‌


ഉരുണ്ടുകൂടുന്നുണ്ട്‌
കനം വെയ്ക്കുന്നുണ്ട്‌
പൊറുതിതരാതെ
ഒന്നാകെ പൊരിച്ചും കരിച്ചും
(പരിചയക്കുറവിന്റെ മണം !)
വളരുന്നത്‌ അറിയുന്നുണ്ട്‌.

തിരിഞ്ഞും മറിഞ്ഞും
കമഴ്‌ന്നും മലര്‍ന്നും
ദിവാസ്വപ്നം കണ്ടും ധ്യാനിച്ചും
നീര്‍ക്കോഴിയായി
നിദ്രയില്‍ ‍മുങ്ങാങ്കുഴിയിട്ടും നോക്കി,

കണവനുംകണിയാനും
താന്ത്രികനും മാന്ത്രികനും
മനോവൈദ്യനും കൈയ്യൊഴിഞ്ഞൊടുവില്‍
ഒരു മൊഴിയില്‍
ഒരു വാക്കിന്റെ തലകൊയ്യും കവിക്കൂട്ട്‌
അക്കം പക്കംനോക്കി
അടക്കം പറഞ്ഞു
'ലവന്റെ വരവ്‌, വഴിയൊരുക്കുക'

ക്ളിഷെച്ചിരിക്ക്‌ പൂണൂല്‍
കിളിക്കൊഞ്ചലിനു സുന്നത്ത്‌
അതിശയപ്പിറവിയുടെ അണിയറചര്‍ച്ചയില്‍
സംവിധായന്‍ കവി .
മയില്‍ച്ചിറക്‌,കൊറ്റിക്കാല്‍
ഞാറച്ചുണ്ട്‌,കാക്കക്കരച്ചില്‍
കാരണഭൂതന്‍
ഭാവനയില്‍ കഥയിലെ അരയന്നം

എന്നിട്ടും ശമനമില്ലാതെ വമനേച്ഛ ..
തിരുപ്പിറവിയോ? തഥൈവ!

വച്ചുമാറിയാലോ തമ്മില്‍?
കാമുകന്റെ റോളില്‍ കവി ഉദാരന്‍.

അങ്ങനെയാണ്‌
അയാള്‍ അലക്കു തുടങ്ങുന്നതും
തലമുറിയന്‍വാക്കുകളില്‍
അവളിലെ കവിതകള്‍
ഒന്നൊന്നായി വെളിച്ചപ്പെടുന്നതും

Sunday, October 5, 2008

ജാതിക്കുമ്മി(ഒരു ഭാഗം)-പണ്ഡിറ്റ്‌ കെ. പി കറുപ്പന്‍-ആലാപനം


പണ്ഡിറ്റ്‌ കെ. പി കറുപ്പന്‍ (1888-1938)


എറണാകുളം ജില്ലയിലെ ചേരാനെല്ലൂരില്‍ ധീവരസമുദായത്തില്‍പ്പെട്ട അയ്യന്റെയും കൊച്ചുപെണ്ണിന്റെയും പുത്രനായി ജനിച്ചു. തൊട്ടുകൂടായ്മയ്ക്കെതിരേയും ജാതിയിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരേയും തൂലിക പടവാളാക്കിയ കവിയും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്നു പണ്ഡിറ്റ്‌ കറുപ്പന്‍. പ്റൈമറി വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂര്‍ കോവിലകത്ത്‌ ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം. കൊച്ചിരാജാവ്‌ പ്രത്യേക താല്‍പര്യമെടൂത്തതിനാല്‍ സംസ്കൃതവും അദ്ദേഹത്തിനു പഠിക്കാനായി. പതിനാലാം വയസ്സില്‍ കവിതകളെഴുതിത്തുടങ്ങിയ അദ്ദേഹം ഇരുപതോളം കാവ്യങ്ങള്‍ രചിച്ചു. എറണാകുളം മഹാരാജാസ്‌ കോളേജില്‍ അദ്ധ്യാപകനായിരുന്നു. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ 'വിദ്വാന്‍' ബഹുമതിയും കൊച്ചി മഹാരാജാവ്‌ 'കവിതിലക' ബിരുദവും നല്‍കി . 1924ല്‍ കൊച്ചിന്‍ ലെജിസ്ളേറ്റീവ്‌ കൌണ്‍സിലിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. ലങ്കാമര്‍ദ്ദനം, നൈഷധം (നാടകം), ഭൈമീപരിണയം, ഉര്‍വശി (വിവര്‍ത്തനം), ശാകുന്തളം വഞ്ചിപ്പാട്ട്‌, കാവ്യപേടകം (കവിതകള്‍), ചിത്രാലങ്കാരം, ജലോദ്യാനം,രാജരാജപര്‍വം, വിലാപഗീതം ,ബാലാകലേശം നാടകം,എഡ്വേര്‍ഡ്‌വിജയം നാടകം ,മൂന്നു ഭാഗങ്ങളിലായുള്ള കൈരളീകൌതുകം എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്‌. ആ കാലത്തു നിലവിലിരുന്ന ജാതിയിലെ ഉച്ചനീചത്വങ്ങളേ വരച്ചുകാട്ടുകയും വിമര്‍ശിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെരചനയാണ്‌ പ്രശസ്തമായ ജാതിക്കുമ്മി എന്ന കവിത.

Born on May 24, 1885 at Cheranallur in Ernakulam District. Father: Sri. Ayyan. Mother: Smt.Kochupennu. Pandit K.P.Karuppan was a distinguished poet and social reformer who fought against the untouchability, racial discrimination and for the uplift of oppressed class of the society. After primary education, he underwent higher studies at the Kodungallur Kovilakom (royal mansion). The Prince of Cochin gave encouragement to him and with his aid Karuppan could study Sanskrit. He started writing poems at his age of 14 years. He was a teacher in Ernakulam Maharajas College. He was elected to the Cochin Legislative Council in the year 1924. Kerala Varma Valiya Koi Thampuran conferred him the title Vidwan (scholar) and the Prince of Cochin awarded him the title Kavithilakan (great poet). Lankamardanam, Nyshadham (dramas), Bhymeeparinayam, Urvasi (translations), Sakunthalam Vanchippattu, Kavyapedakam (poems), Kairalee Kouthukam, Jalodyanam, Chithralankaram, Rajarajaparvam, Vilapageetham are his works. Jathikummi, a poem written by him describes the suffering and agony of the oppressed people who faced racial discrimination at his times. He passed on March 23, 1938.

Thursday, October 2, 2008

എന്റെ സഞ്ചാരങ്ങള്‍ - വിവര്‍ത്തനം

(അല്‍ബേനിയന്‍ കവി Xhevahir spahiu ന്റെ My Travels എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം)


മേഘമൊന്നിന്നു ഞാന്‍ കോപ്പണിയിയ്ക്കണം
മാമല മേലേ സവാരിക്കു പോകണം
വാടിവരണ്ടവര്‍ നീരിന്നു കേഴുകില്‍
ധാരയാര്‍ന്നശ്രുവാലാകെക്കുതിര്‍ക്കണം

കുതിരയൊന്നിന്നു ഞാന്‍ ചമയമൊരുക്കണം
ദ്രുതമതിന്‍മേലേക്കരേറി ഞാന്‍ പായണം
കാറ്റിന്റെതനിരുചിയേറ്റുവാങ്ങീടണം
കാക്കുന്ന പ്രണയത്തിനരികിലെത്തീടണം

കടലിന്റെ മടിയിലേക്കെന്നെ നയിക്കുവാന്‍
പുഴകളിലൊന്നിനെ പതിയെ മെരുക്കണം
ഒഴുകേണമങ്ങനെയൊഴുകുന്ന നേരമെന്‍
തനുവിലൂടായിരം ചെറുവഞ്ചി നീങ്ങണം

ഒരുനാളിലെന്നെയെനിയ്ക്കൊരുക്കീടണം
നിറയെ ഫലം തിങ്ങുമൊരു മരമാവണം
കിളിയൊച്ചയെവിടെന്നു പരിതാപമേലാതെ
ധരതന്നഗാധത്തില്‍ ജട പടര്‍ത്തമരണം

സ്വപ്നമൊന്നിന്നിനിജീനിയിടുവിയ്ക്കണം
സംയതവേഗക്കടിഞ്ഞാണയക്കണം
സ്വാസ്ഥ്യമണയ്ക്കുന്ന വളയങ്ങള്‍ മാറ്റണം
സാഹസി, നാളെയിലേയ്ക്കു കുതിക്കണം

മധുഗാനമൊന്നിന്റെ ലഹരിയില്‍ മുഴുകണം
സുഖദമാലാപനശ്രുതിയെന്നില്‍ നിറയണം
അതിനിശ്ചലത്തിലുംഗതികമുദ്ഘോഷിക്കു-
മതുമൂളവേയതിന്നടിമ ഞാ-നുടമയും

(മൂലകവിതയും ഇങ്ക്‌ളീഷ്‌ വിവര്‍ത്തനവും കാണാന്‍ താഴേയുള്ള ലിങ്ക്‌ കാണുക)

http://international.poetryinternationalweb.org/piw_cms/cms/cms_module/index.php?cwolk_id=16420&x=1