Friday, October 26, 2007

ശിവം



ദൂരഭാഷിണിക്കിരുപുറം നമ്മെ
ചൂഴ്‌ന്നു നില്‍പ്പൂ മഹാമൗനമേഘം
ഇടയില്‍ ശാന്തം, കടല്‍ ശ്യാമനീലം
അടി, ഇരമ്പുന്നൊരുഷ്ണപ്രവാഹം
അടരുമോരോനിമിഷവും ചേര്‍ത്തുള്ള
തുടലുകൊണ്ടു നീ നിന്നെ ബന്ധിച്ചുവോ?

ഇനിയ വാക്കായി ഞാന്‍ നിന്നില്‍ നിറയവെ
ഇനിയുമെന്തീ നിശ്ശബ്ദത? നെഞ്ചിലെ-
നിഭൃതകാമമഗ്നിസ്ഫുടം ചെയ്ത നിന്‍
പ്രണയവാങ്മയം പ്രിയനായ്‌ പകര്‍ത്തുക

സ്വയമടങ്ങിയൊടുങ്ങുവാന്‍ സതിയല്ല
മൃതിയുമമൃതവും നീ വശ്യമോഹിനി
ഭവതപസ്സില്‍ നീ നര്‍മ്മദയാവുക
തപനമുക്തയായ്‌ ഉമയായുണരുക
ചടുലനര്‍ത്തനം ചെയ്യുന്ന ചുവടുമായ്‌
ജടയില്‍ ഗംഗയായ്‌ പെയ്തിറങ്ങീടുക.

എന്റെ വാഗ്‌രേതസ്സു ഹവ്യമാക്കീടുക
ഉള്ളിലെത്തീയിനു ഭോജ്യമാക്കീടുക
ഉറയുമാമേഘമൌനങ്ങളെയുരുക്കുക
ഉയിര്‍കൊണ്ട വാക്കായി നീ പകര്‍ന്നാടുക.

(ജനകീയപത്രം)

Sunday, October 21, 2007

പച്ച


ഹരിതമാണു നിറം
മരതകമണിയുക .
കൂട്ടുകാരന്‍,
ജ്യോതിഷം ഹോബിയാക്കിയോന്‍ .

വിറയ്ക്കുംവലംകൈച്ചെറുവിരലില്‍
പച്ചതന്‍ സൗമ്യദംശനം.
ചിത്രോടക്കല്ലിന്‍പിന്നില്‍
മറയും വാല്‍പ്പച്ച
തെളിയും കണ്‍പച്ച
കല്‍വിളക്കിന്‍ ചോട്ടില്‍
എണ്ണയിഴുകും മണ്ണിന്‌
ഗ്രഹണവിഷവീര്യം


മിഴിഞ്ഞു മലര്‍ന്നൊരിടംകണ്ണില്‍
ഊഞ്ഞാലാടും വള്ളിപ്പച്ച
ചുവന്നൂര്‍ന്നേവീണു ചിന്നീ
വലംകണ്ണില്‍ സന്ധ്യാംബരം
കാവിനുമപ്പുറം
മേടപ്പാടവരമ്പ്‌
കൊന്നക്കൊമ്പില്‍
മേഘച്ചേക്ക

പച്ചയില്‍ കണ്മിഴിക്ക്‌,
മുറിവൊക്കെയും മറക്ക്‌ .
ഇടവഴിയില്‍
കാല്‍വിരലിരടിയ നോവില്‍
ഇലച്ചാര്‍ ഇറ്റിക്കേ
അമ്മ

വിരലില്‍ സൌമ്യം ചിരിയണിഞ്ഞൂ
മരതകപ്പച്ച
(കേരളകവിത 2007)

വിരുന്ന്


വേനല്‍ചപ്പ്‌ എരിഞ്ഞമര്‍ന്ന
നനഞ്ഞ ചാമ്പലില്‍
പാതിയുടല്‍ മറച്ചുറങ്ങിയ
പാണ്ടന്‍പട്ടി
പതിവില്ലാതെ
ഉച്ചത്തില്‍ മോങ്ങിയത്‌
പുറകിലെ തൊടിയില്‍
കുത്തിച്ചുടാനെ കേട്ടാണോ
എന്നു തിട്ടമില്ലാഞ്ഞു
പൊട്ടി വന്ന
കൊക്കരക്കൊ ഉള്ളിലടക്കി
പുള്ളിച്ചിയേം മക്കളേം
ഉണര്‍ത്താതെ
കൂടിന്റെ
ഇത്തിരിപ്പാളി വെട്ടത്തിലേക്കു
പൂവന്‍ എത്തിച്ചു നോക്കി.

മുത്തശ്ശി മാവില്‍
കൂടൊഴിയുന്ന കലപില .
കാളിപ്പയ്യ്‌ ചുരന്നതും മറന്ന്
മുഖമുയര്‍ത്തി വാട്ടം പിടിച്ചു.
വിളിക്കേണ്ടോരുടെ കണക്കെടുത്ത്‌
ആഞ്ഞിലിക്കൊമ്പിലെ കാക്കച്ചി
പടിക്കലേക്കു ചെരിഞ്ഞു നോക്കി.

പയ്യും പൂവനും
പുള്ളിച്ചിയും പാണ്ടനും
വിരുന്നു മണത്തു.
ക്ഷമയോടെ കാത്തു.

ഇളംതിണ്ണയില്‍
‍വെറ്റിലയും കോളാമ്പിയും
ഒന്നിച്ചു വരണ്ടു.
പടിഞ്ഞാറേത്തൊടിയില്‍
വേനല്‍ ചപ്പു
പിന്നെയും ആളിയടങ്ങി .
ഉടയോനില്ലാമണിയൊച്ചകളില്‍
കാക്കക്കരച്ചില്‍ മുങ്ങിപ്പോയി .

പിന്നെയെപ്പോഴോ
അജ്ഞാതരായ
അനേകം അതിഥികള്‍
വിരുന്നുപുരയില്‍
നിശ്ശബ്ദമായി
വിരുന്നു തുടങ്ങി,
ആതിഥേയനില്ലാതെ...

(സമകാലീനമലയാളം)

പിന്നെയും രാധ


അറിയാതെ ആത്മാവിലുണരുമേകാന്തത-
ക്കറിയുന്നതില്ല ഞാന്‍ വിടചൊല്‍വതെങ്ങിനെ!
പിരിയാത്ത നിഴലുകള്‍ പ്രണയാര്‍ദ്രമോര്‍മ്മകള്‍
ഒടുവില്‍ കരിഞ്ഞു പോം വിഫലപ്രതീക്ഷകള്‍ .

കാട്ടിലൂടെ കാറ്റുപാടുന്നുവോ കാത്തു -
കാതോര്‍ത്തിരിയ്ക്കുമെന്‍ കാതര ഗീതിക
കഥകളറിയും കാടുമിന്നു ചൊല്ലുന്നുവോ
അറിയുകീ കാത്തിരിപ്പര്‍ത്ഥശൂന്യം
കളിയായി കണ്‍ചിമ്മി നോക്കുന്ന താരകള്‍
പറയുന്നുവോ, 'രാധേ വരികില്ലവന്‍'
അകലെയെങ്ങോ ഗഗന വീഥിയില്‍ പുളയുമാ-
ച്ചിരി, (മിന്നലതുതന്നെ ചൊല്‍കയാണോ !)

പ്രിയനെ അറിയും രാധയെന്നൊരാ സങ്കല്‍പ്പം
പഴയൊരു നുണക്കഥ പ്രിയതരമതെങ്കിലും
അകലെ അടവിക്കുള്ളിലിളമുള മൂളവെ
മനമിന്നൊരശ്വമായ്‌ ചുരമാന്തിയുണരുന്നു .
അതിനെയടക്കുവാന്‍, അതിനെത്തളയ്ക്കുവാന്‍
അറിവെന്നും പറയുന്നു, ഹൃദയം വിലക്കുന്നു.

അവനിയിലിവള്‍ക്കു തണലേകുന്ന തരുവവന്‍
അവനില്ലയെങ്കിലീ രാധയില്ല.
അകമാകെ നീറ്റുമീയേകാന്തതക്കു ഞാന്‍
അറിയുന്നതില്ലിന്നു വിട ചൊല്‍വതെങ്ങനെ!

സുന്ദരം ജീവിതം

(വിവര്‍ത്തനം)

(P.S. മനോജ്‌ കുമാര്‍ എഴുതിയ life is beautiful എന്ന കവിതയുടെ വിവര്‍ത്തനം )

തെരുവോരത്തകരച്ചെണ്ടയില്‍
‍അലമുറ.
ബധിരന്റെ കേള്‍വി.

നോവിന്റെ വെയില്‍മിഴികള്‍‍
നോക്കാതെ നിന്നും
നില്‍ക്കാതെ കണ്ടും
വഴിപോക്കര്‍ചുറ്റിനും

ഇരുകോലുകള്‍
‍ഉള്ളിലിടിമുഴക്കം
ഉരുകുന്നുഗിരിതന്‍ വിഷാദം
അലറുന്നു കടലിന്റെ മൗനം
ഇതു തുടര്‍വാഴ്‌വിന്‍നിലക്കാത്ത ചെത്തം

ആകെച്ചുളുങ്ങിചിലമ്പുമീ ചെണ്ടയില്‍
ജീവിത സ്പ്ന്ദമായ്‌
നീ സ്വയം നിറയവേ
കനവിനു വിലങ്ങുമായ്‌കാറ്റൊന്നുവരുമൊ?
കനിവിന്‍ തലോടലായ്‌മഴയുതിരുമോ..
വെയില്‍മായുമോ?
നിലാത്തിരിവെട്ടയണയുമൊ?
മണ്ണിന്റെയുടല്‍ പിളര്‍-
ന്നെല്ലാമൊടൂങ്ങുമൊ?
ഒന്നായ്ച്ചിതറുമോ താരജാലം !

ആളും കാലാപക്കൊടുംതീ
നിലവിളിച്ചെത്തങ്ങള്‍ ,
തേങ്ങലുകള‍ട്ടഹാസങ്ങള്‍
അലര്‍ച്ചകളമര്‍ച്ചകള്‍
‍ഒന്നാകെയൊരുനാള്‍
കീഴ്മേലില്‍ മറിയുമോ
ജീവിതം സുന്ദരമെന്നോ?

ചുവടൂവെയ്പിടറിടാം
വീഥിയില്‍ വീണിടാം
യാത്രയ്ക്കു കൂട്ടിവയുമെന്നോ?
ജീവിതം സുന്ദരമെന്നോ?

നാവിന്നു പഴനീരിനിപ്പുമതിയെന്നോ?
വനികയില്‍ പൂക്കാലം മാത്രമെന്നോ?
വാഴ്‌വതിമോഹനമെന്നോ?
ദു:ഖങ്ങള്‍വാടും ഹൃദയത്തില്‍മാത്രമെന്നോ !

പഥിക മുളപൊട്ടുമീ
കന്യാവിചിന്തനം
തുടരുന്നു പിന്നിലായ്‌
ചെണ്ടതന്‍ നിസ്വനം

Sunday, October 14, 2007

മയില്‍പ്പീലിത്തുറുകണ്ണ്‌




ഏരിക്കര ,
നീലൂരിപ്പൊന്ത
തുറുകണ്ണന്‍ പുള്ളിപ്പുലി
ചെങ്കല്ലുരച്ചു മിനുങ്ങും തവല*
കൈവളക്കലപില
മിന്നും മുക്കു മൂക്കുത്തി
കടും നിറപ്പുള്ളിച്ചേല
കണങ്കാല്‍ കൊലുസ്സ്‌
മയിലാള്‍‍,പാപ്പാള്‍,വള്ളി,മുനിയമ്മ..

കോളനിക്കിണറോരം
പെണ്‍പഞ്ചായത്ത്‌
കണ്ണയ്യന്‍ പൊട്ടച്ചി* പെണ്ണായ കത
നാകേലന്‍ പൊഞ്ചാതിക്ക്‌*
നാലു ക്ളാസ്സ്‌ പടിച്ച പവറ്
‍കമ്പനിവേലക്കുപോണ ചിന്നത്തായി
തെന്നംതോപ്പില്‍
പുലിക്കണ്‍മിനുക്കം
മയിലാള്‍,മുനിയമ്മ,വള്ളി

നട്ടുച്ചപ്പെരുവഴി
ഈര്‍ക്കിലിമൂക്കുത്തിക്കുവേര്‍പ്പുമിനുക്കം
തവലത്തണ്ണി കലപിലകലപില
പനങ്കാടപ്പുറംപുലിവാലിളക്കം
മയിലാള്‍,മുനിയമ്മ.....

പെരുവഴിയോരം
തണ്ണിത്തവലപ്പാമ്പു വരിശ*
ചേലത്തൊട്ടില്‍ത്താലാട്ട്‌
പന്തല്‍പുറമേ പുലിക്കാല്‍പതുക്കം
മയിലാള്‍...

പെരുമരച്ചോട്‌
‍പുലിക്കണ്‍പെരുക്കം
പീലിത്തുറുക്കണ്‍പെരുക്കം
മയില്‍പീലിത്തുറുക്കണ്‍പെരുക്കം
പപ്പാള്‍,വള്ളി,മുനിയമ്മ.....

തവല- പിത്തളക്കുടം; പൊട്ടച്ചി - പെണ്‍കുട്ടി ; പൊഞ്ചാതി - ഭാര്യ വരിശ - വരി

(കേരളകൌമുദി ദിനപത്രം)