Friday, December 28, 2007

പാഥേയം

സഹജ! നോവുകള്‍ക്കറുതിയായ്‌
ഇനി പുതിയ വീഥിയില്‍ പതിയെ നീങ്ങിടാം
നിയതി നീളുമീ വഴിത്താരചൂണ്ടി
വിളിക്കയായ്‌
പാന്ഥ! വരിക, നേരമായ്‌
പുനര്‍വിചിന്തനം മതി
പുറപ്പെടാം.
കടന്നു പോന്നൊരീ
വഴിത്താര
പിന്നില്‍ ഇടുങ്ങി
നീണ്ടുപോമിടനാഴിയാകും
മറവിതന്‍ മഞ്ഞുപുതപ്പിനാലെ
നീ നടന്ന പാതകള്‍
മറഞ്ഞുപോയിടാം
പുതിയ പൊന്‍വെയില്‍
പുതിയപൂവുകള്‍
പുതുവര്‍ഷം
പൊട്ടും പുതിയനാമ്പുകള്‍
പുതിയ ചിന്തകള്‍
ഉണരട്ടെ ഉള്ളില്‍
പുതുമണിവീണ
സ്വരമുതിര്‍ക്കട്ടെ

വഴി നടന്നേറെ
തളര്‍ന്നുവെന്നാകില്‍
നിറയെ പൂത്തൊരീ-
ക്കണിക്കൊന്നച്ചോട്ടില്‍
ചുമലിലെച്ചുമടിറക്കിവച്ചിനി
പതിയെ പാഥേയപ്പൊതി തുറന്നിടാം
തനയനുള്ളിലെ തളര്‍ച്ചയാറ്റുവാന്‍
അറിഞ്ഞമ്മയേകുമമൃതമീയന്നം
ഇതിലുണ്ടമ്മതന്‍
ചിരിയും കണ്ണീരും
തളരും നാളിലെ
തണല്‍ പ്രതീക്ഷയും
ഇതിലുണ്ടുതാതന്‍ കനിഞ്ഞരുളിയോ-
രനുഗ്രഹത്തിന്റെയരിയ മാധുര്യം
ഇതിന്നനുജതന്‍ കുരുന്നു ചുണ്ടിലെ
നറുംനിലാച്ചിരി പകര്‍ന്ന ധാവള്യം

ഉടലുണര്‍ന്നുവോ?
തുടര്‍ന്നിടാം യാത്ര
വഴികളേറെയാം നിനക്ക്‌ പിന്നിടാന്‍
ഇനി നയിക്കുവാന്‍ നിനക്കു നീ മാത്രം
തുണയ്ക്കായ്‌ പിന്നില്‍
നിന്‍ സഫല പൈതൃകം
തളരുമ്പോള്‍ താങ്ങായ്‌
അവര്‍തന്‍ പ്രാര്‍ഥന
കൊടിയ ദാഹത്തില്‍ തെളിനീരം
വിശന്നുഴറുമ്പോള്‍ അന്നം
സഫലം നിന്‍ ജന്‍മം
അരുതു കൈവെടിയരുതൊരിക്കലും
അവര്‍ നിനക്കേകും അമൃതപാഥേയം

സഹജ നോവുകളിനി മറക്കുക
പുതിയ പുലരിയെ തുയിലുണര്‍ത്തുക.




Saturday, December 15, 2007

തീരുന്നേയില്ല....



നിഴലുകള്‍ക്കിടയില്‍
ആത്മാവൊരെണ്ണം
ഉടല്‍ തിരയുകയാണ്‌

ചാഞ്ഞവെയിലില്‍
നീളമാര്‍ന്നതിനാല്‍
അവയെല്ലാം
അതിരുകള്‍ തേഞ്ഞും
അടയാളങ്ങള്‍ മാഞ്ഞും കാണായി

പുനരപിമരണം ഭയന്ന
ദേഹമോ
എന്നേക്കും
നിഴല്‍നിഴലില്‍ത്തന്നെ
മറഞ്ഞുമിരിപ്പായി

തിരച്ചില്‍

Tuesday, December 11, 2007

പുനരധിവാസം




അവര്‍ അറുപതുപേര്‍ .

മൈതാനം ചുറ്റും
മങ്ങിയ വെട്ടങ്ങളില്‍
തിരിയും കണ്‍പേച്ച്‌
അകത്ത്‌ വാക്കില്ലാപ്പകപ്പ്‌ .

കൊട്ടകപ്പടിക്കല്‍
കാനച്ചൂരിലും ഉയര്‍ന്ന പൂമണം
പുറത്ത്‌ കാത്തിരിപ്പ്‌ .

കാക്കാം ഊഴം
ഇക്കുറി തിരക്കേയില്ലെന്നുചിരിച്ച്‌
അദ്ധ്യക്ഷന്‍ .

അറുപതു നാവുകള്‍ മിണ്ടിയതൊപ്പം .
എണ്ണാന്‍ പഠിച്ച കഥ
കൂട്ടിക്കിഴിച്ച്‌ ഉത്തരം പൂജ്യമാവത്‌
മുനകൂര്‍ത്ത പകല്‍ക്കണ്ണുകള്‍
മധുരം നീട്ടും രാക്കയ്യുകള്‍
ലാത്തി വീശിപ്പായിച്ചോന്‍
രാ-മറ പറ്റി വന്നത്‌
പനിച്ചൂടില്‍
പഴച്ചാര്‍ മോന്തിയ കുഞ്ഞിളം ചിരിയില്‍ ,
ആറാള്‍ അടങ്ങിയ വാട്ടം
ഉടല്‍ മറന്നത്‌

വിവസ്ത്രം വാക്കുകള്‍

നൂറ്റൊന്നാവര്‍ത്തിച്ച കുളിയുടെ ഓര്‍മയില്‍
മുഷിഞ്ഞ വേദി
മുറിഞ്ഞ ഗൌളീവാക്കുകള്‍
നിര്‍ജ്ജീവം
എങ്കിലും പിടച്ചില്‍ പഠിച്ചവ
അറിവും ആഹ്വാനവും അഹന്തയും
മേമ്പൊടിക്കല്‍പം അലിവും

തലവര മാറണം
പുതിയ പകല്‍ വരണം
ഉറക്കം കനത്ത കണ്‍പോളകള്‍
ഉച്ചത്തില്‍ ചോദിച്ചു
എന്നിട്ടോാാാ??
തുടങ്ങാം ഒരിടം
എന്നിട്ട്‌.... ?
തൊഴിലൊന്നു നോക്കാം
എന്നിട്ട്‌.. ?
ഇടറാതെ നീങ്ങാം തന്‍കാലില്‍ നില്‍ക്കാം മക്കളെപ്പോറ്റാം
എന്നിട്ടെന്നിട്ട്‌... ?
പൂമണം കണ്‍ചിമ്മിവിളിച്ചു
അറുപതു ജോടിക്കണ്ണില്‍
നിഴല്‍തെളിച്ചം പകപ്പില്ലാവാക്ക്‌

കിനാവില്‍ ഞാനൊരു കുഞ്ഞായി
മുത്തശ്ശി കഥ പറയുകയായിരുന്നു
മുറ്റത്തരികില്‍കിണറ്റുവക്കില്‍
പണ്ടൊരു പാവം അമ്മൂമ്മ
മുണ്ടൊന്നൂ തുന്നാനായ്‌ ചെന്നിട്ട്‌....
എന്നിട്ട്‌... ?
പെട്ടെന്നു തൂശിപോയ്‌ വെള്ളത്തില്
‍എന്നിട്ട്‌... ?
എന്നിട്ടെന്നാല്‍ തൂശികിട്ടുമോ?
അയ്യോ കഷ്ടായി..
കഷ്ടംന്ന്ച്ചാല്‍ തൂശി കിട്ടുമോ.. ?

ഉത്തരം മുട്ടി
ഉറക്കം പോയി
ഞാന്‍ എഴുതിത്തുടങ്ങി

അവര്‍ അറുപതുപേര്‍....

(മാധ്യമം ആഴ്ചപ്പതിപ്പ്‌)

Wednesday, December 5, 2007

പൂവുകളെഴുതിയ സുവിശേഷം



സ്റ്റാഫ്‌ കൗണ്‍സിലോണം
മാര്‍ക്കിടാനെത്തണം
അത്തം ഈയാണ്ടി-
ലാശുപത്രിയില്‍.

കാഷ്വാലിറ്റിയിടനാഴിയില്‍
പേറ്റിടത്തൊട്ടിലരികില്‍
ഐ സി യൂവിന്നടഞ്ഞ
വാതില്‍വഴിയില്‍
ഓ. പി. കൗണ്ടറിന്‍
പേരേടുകൂനക്കിടയില്‍
കോവണിച്ചോട്ടില്‍
കൈകാല്‍ നിരന്ന
ലിംബ്‌ സെന്ററില്‍
ചെണ്ടുമല്ലി, ചേമന്തി,
വാടാമുല്ല, ചമ്പങ്കി,
വാളയാര്‍ വരവു വര്‍ണ്ണങ്ങള്‍
വാടും കളങ്ങള്‍.

സ്നേഹം സമത്വം,
സ്വാതന്ത്ര്യം സാഹോദര്യം
മതസഹനസമാധാനപ്പറവകള്‍
പനിക്കാറ്റില്‍
പ്പാറീപൊരുളുകള്‍.

പുറത്തകത്തും കളമെന്നു
കൈകൂപ്പി
വാതില്‍ക്കാവലാള്‍
മഞ്ഞില്‍ വിളര്‍ത്ത
മഞ്ഞവിരല്‍പ്പൂക്കള്‍
കാല്‍ത്താമര
മുടിക്കറുപ്പില്‍
ചെമ്പരത്തി
ഒരുക്കം തീര്‍ത്തും
വിധി കാത്തും.

കുറ്റിക്കാട്ടില്‍
കൈതപ്പൊന്തയില്‍
ചേറ്റുതോട്ടില്‍
ആറ്റുനീറ്റില്‍
നാടോടി, കാടോടി-
ക്കൊണ്ടുവന്നൊക്കെയും
ചേര്‍ച്ചയിലൊപ്പിച്ച്‌
ചന്തം തികച്ചത്‌.

തര്‍ക്കമില്ലാതെ മാര്‍ക്കിട്ട്‌
സമ്മാനമുറപ്പിച്ച്‌
മോര്‍ച്ചറിപ്പടിയിറങ്ങി

(മാധ്യമം ആഴ്ചപ്പതിപ്പ്‌ )

Wednesday, November 28, 2007

സീസ്മോഗ്രാഫ്‌



നീ നീട്ടും കോപ്പയില്‍
നോക്കാതെ
കൈനീട്ടും നേരം
കണ്ടൂ
തിരനോട്ടം
ഇരമ്പവുമിളക്കവും.
എന്നിട്ടും
എന്തുകൊണ്ടാണാവോ
വിരുന്നുചായയില്‍
പതുങ്ങിയ
സുനാമിയെ
എന്റെ മാപനി
രേഖപ്പെടുത്താഞ്ഞത്‌ !

Tuesday, November 20, 2007

വിത്ത്‌

(വിവര്‍ത്തനം)

(അജിത്‌ പോളക്കുളത്തിന്റെ THE SEED എന്ന കവിത . http://muziriz.blogspot.com/2007/05/blog-post_31.html ഇംഗ്ലീഷില്‍ വായിക്കുക )

നിന്നിലമര്‍ന്ന്‌
നിന്നിലേയ്ക്കാഴ്ന്ന്‌
വിണ്‍കനിവില്‍ നനഞ്ഞും
നീ പകരും ജീവവായു
സുപ്തകോശങ്ങളില്‍ നിറച്ചും
നിന്‍ മൃദുമെയ്യില്‍ പാദം പടര്‍ത്തി
വെളീച്ചം തേടുന്നു

വെളിയട മാറ്റി
നിവരുവാന്‍ ഉയരുവാന്‍
ഈരിലക്കൈ നീട്ടി
ഇടമാകെ നിറയുവാന്‍
ഇളവേറ്റിടാന്‍ കുളിര്‍ തണലാകുവാന്‍
തളിരായി പൂവായി കായായ്‌
കനിയായ്‌ ക്കനിയ്ക്കുള്ളിലൊളിയുന്ന ബീജമായ്‌
തിരികെയെത്തീടുവാന്‍
സമയമെന്ന്‌? ചക്രചലനമെന്ന്‌?

എങ്കിലും..
വെറുതെയോര്‍ക്കു‍ന്നു
വിധിയെഴുത്ത്‌

തലചായ്ച്ച തണലും
പശിതീര്‍ത്ത പഴവും
മറവിയിലടിഞ്ഞേക്കാം
ഇലപ്പച്ചയില്‍ കണ്ണും
തണല്‍ത്തണുവില്‍ കരളും
പഴനീരിനിപ്പില്‍
രസനയും ഉണരുമ്പോള്‍
കാരണബീജത്തെ
ആരോര്‍ക്കുവാന്‍ ..
കനിമധുരമൂറ്റിയോന്‍
കുരുവെറിഞ്ഞകലും
പലമരം തേടും
പുതുരുചികള്‍ നുണയും

പതുപതുത്തീറനാവേണ്ട
വളരേണ്ട, വേണ്ട
ഈ ഇരുളേ സുഖം

ഒരു വിത്ത്‌
നിന്നില്‍ അമര്‍ന്ന്‌
നിന്നിലേക്കാഴ്ന്ന്‌....

Saturday, November 17, 2007

സ്വാര്‍ത്ഥം


നിന്നെ
ഞാന്‍ ‍കണ്ടെടുത്ത്‌
എന്റേതാക്കി
നീയെന്നെ നിന്റേതും
എന്നിലും നിന്നെ
എനിക്കിഷ്ടമായതും
അതാവണം
ഞാന്‍ നിന്റേതും
നീയെന്റേതുമാണല്ലോ

Wednesday, November 14, 2007

അലക്ക്‌



നിറുകയില്‍
‍വേനല്‍ തിളച്ച നട്ടുച്ചയ്ക്ക്‌
മുന്നറിയിപ്പില്ലാതെ
അലക്കുയന്ത്രം അനങ്ങാതായി.

കറങ്ങിമടുത്ത അഴുക്കിന്‌
അടിത്തട്ടില്‍ വിശ്രമം.
ജാക്കറ്റില്‍നിന്നൊരു ഹുക്കും
പോക്കറ്റില്‍ നിന്നൊരു തുട്ടും
പതനുരയില്‍ താഴേയ്ക്ക്‌.

തുണികള്‍ വ്യാകുലരായി
യന്ത്രം ധ്യാനത്തിലും

ഉഷ്ണം പഴുപ്പിച്ച ഉടലുകള്‍
അകായില്‍ ഉറകളൂരി
ഊഴം കാത്ത്‌ പെരുകുന്ന ഉറകള്‍
‍കുതിര്‍ന്ന ഉടലുകള്‍
പ്രാചീനമൊരു വംശസ്മൃതിയില്‍
സാകല്യം.
യന്ത്രസമാധി.

അന്തിയ്ക്കറച്ചു നില്‍ക്കാതെ
'അമ്രാളേ' വിളിയില്ലാതെ
തലമുറകള്‍ക്കപ്പുറത്തുനിന്നെത്തി
ഉള്ളും ഉടലും ഉറകളും
ഒന്നൊന്നായലക്കി
ആവാഹിച്ചടങ്ങിയവനെ
അരുമയോടെ നോക്കി
അവള്‍ പടിയിറങ്ങുമ്പോള്‍
വെളുത്തിരുന്നു.

(മാധ്യമം ആഴ്ചപ്പതിപ്പ്‌ )

Wednesday, November 7, 2007

കാറ്റിലുണ്ടച്ഛനെന്നമ്മ..


ചുരം താണ്ടിയ പാണ്ടിക്കാറ്റ്‌
പനമ്പട്ടച്ചെവിയിലൂതി
അമ്മയുടെ ചുണ്ടില്‍
പതിഞ്ഞയീണത്തില്‍ കുമ്മി
മെലിഞ്ഞ വിരലില്‍ താളം
ഒച്ച മറന്ന കാതില്‍
മണമകന്ന മൂക്കില്‍
തിമിരക്കണ്ണില്‍
നിറഞ്ഞും കവിഞ്ഞും കാറ്റ്‌

വൃശ്ചികപ്പൂരാടം
അച്ഛന്റെ ജന്മനാള്‍
മറന്നില്ലമ്മ

കുഞ്ഞിക്കാല്‍ ചവിട്ടി
നീ കിക്കിളിയേറ്റവേ
നിറവയര്‍ നിലംപടിഞ്ഞു
നാക്കിലയില്‍
പിറന്നാ‍ളിനിക്കും
വാത്സല്യക്കാറ്റ്‌'

മറക്കില്ല മകളെന്റെ ജന്മനാള്‍'
അച്ഛന്‍ സ്വകാര്യം പറഞ്ഞതും
അരുമയായ്‌ നീയന്നു പിറന്നതും
തെറ്റാത്തൊരുണ്ണിപ്പിറന്നാള്‍ക്കഥ
എന്നും നിനക്കു മുത്തശ്ശിക്കഥ

കഥയായ്‌ നിറഞ്ഞും അലിഞ്ഞും
ഇപ്പൊഴും വൃശ്ചികക്കാറ്റിലമ്മ
അമ്മ മറന്നൊരു നാളുമാത്രം
മറക്കാന്‍ മറക്കാത്തൊരോര്‍മ്മ മാത്രം

(സാകേതം ഓണപ്പതിപ്പ്‌ (2007))



Friday, October 26, 2007

ശിവം



ദൂരഭാഷിണിക്കിരുപുറം നമ്മെ
ചൂഴ്‌ന്നു നില്‍പ്പൂ മഹാമൗനമേഘം
ഇടയില്‍ ശാന്തം, കടല്‍ ശ്യാമനീലം
അടി, ഇരമ്പുന്നൊരുഷ്ണപ്രവാഹം
അടരുമോരോനിമിഷവും ചേര്‍ത്തുള്ള
തുടലുകൊണ്ടു നീ നിന്നെ ബന്ധിച്ചുവോ?

ഇനിയ വാക്കായി ഞാന്‍ നിന്നില്‍ നിറയവെ
ഇനിയുമെന്തീ നിശ്ശബ്ദത? നെഞ്ചിലെ-
നിഭൃതകാമമഗ്നിസ്ഫുടം ചെയ്ത നിന്‍
പ്രണയവാങ്മയം പ്രിയനായ്‌ പകര്‍ത്തുക

സ്വയമടങ്ങിയൊടുങ്ങുവാന്‍ സതിയല്ല
മൃതിയുമമൃതവും നീ വശ്യമോഹിനി
ഭവതപസ്സില്‍ നീ നര്‍മ്മദയാവുക
തപനമുക്തയായ്‌ ഉമയായുണരുക
ചടുലനര്‍ത്തനം ചെയ്യുന്ന ചുവടുമായ്‌
ജടയില്‍ ഗംഗയായ്‌ പെയ്തിറങ്ങീടുക.

എന്റെ വാഗ്‌രേതസ്സു ഹവ്യമാക്കീടുക
ഉള്ളിലെത്തീയിനു ഭോജ്യമാക്കീടുക
ഉറയുമാമേഘമൌനങ്ങളെയുരുക്കുക
ഉയിര്‍കൊണ്ട വാക്കായി നീ പകര്‍ന്നാടുക.

(ജനകീയപത്രം)

Sunday, October 21, 2007

പച്ച


ഹരിതമാണു നിറം
മരതകമണിയുക .
കൂട്ടുകാരന്‍,
ജ്യോതിഷം ഹോബിയാക്കിയോന്‍ .

വിറയ്ക്കുംവലംകൈച്ചെറുവിരലില്‍
പച്ചതന്‍ സൗമ്യദംശനം.
ചിത്രോടക്കല്ലിന്‍പിന്നില്‍
മറയും വാല്‍പ്പച്ച
തെളിയും കണ്‍പച്ച
കല്‍വിളക്കിന്‍ ചോട്ടില്‍
എണ്ണയിഴുകും മണ്ണിന്‌
ഗ്രഹണവിഷവീര്യം


മിഴിഞ്ഞു മലര്‍ന്നൊരിടംകണ്ണില്‍
ഊഞ്ഞാലാടും വള്ളിപ്പച്ച
ചുവന്നൂര്‍ന്നേവീണു ചിന്നീ
വലംകണ്ണില്‍ സന്ധ്യാംബരം
കാവിനുമപ്പുറം
മേടപ്പാടവരമ്പ്‌
കൊന്നക്കൊമ്പില്‍
മേഘച്ചേക്ക

പച്ചയില്‍ കണ്മിഴിക്ക്‌,
മുറിവൊക്കെയും മറക്ക്‌ .
ഇടവഴിയില്‍
കാല്‍വിരലിരടിയ നോവില്‍
ഇലച്ചാര്‍ ഇറ്റിക്കേ
അമ്മ

വിരലില്‍ സൌമ്യം ചിരിയണിഞ്ഞൂ
മരതകപ്പച്ച
(കേരളകവിത 2007)

വിരുന്ന്


വേനല്‍ചപ്പ്‌ എരിഞ്ഞമര്‍ന്ന
നനഞ്ഞ ചാമ്പലില്‍
പാതിയുടല്‍ മറച്ചുറങ്ങിയ
പാണ്ടന്‍പട്ടി
പതിവില്ലാതെ
ഉച്ചത്തില്‍ മോങ്ങിയത്‌
പുറകിലെ തൊടിയില്‍
കുത്തിച്ചുടാനെ കേട്ടാണോ
എന്നു തിട്ടമില്ലാഞ്ഞു
പൊട്ടി വന്ന
കൊക്കരക്കൊ ഉള്ളിലടക്കി
പുള്ളിച്ചിയേം മക്കളേം
ഉണര്‍ത്താതെ
കൂടിന്റെ
ഇത്തിരിപ്പാളി വെട്ടത്തിലേക്കു
പൂവന്‍ എത്തിച്ചു നോക്കി.

മുത്തശ്ശി മാവില്‍
കൂടൊഴിയുന്ന കലപില .
കാളിപ്പയ്യ്‌ ചുരന്നതും മറന്ന്
മുഖമുയര്‍ത്തി വാട്ടം പിടിച്ചു.
വിളിക്കേണ്ടോരുടെ കണക്കെടുത്ത്‌
ആഞ്ഞിലിക്കൊമ്പിലെ കാക്കച്ചി
പടിക്കലേക്കു ചെരിഞ്ഞു നോക്കി.

പയ്യും പൂവനും
പുള്ളിച്ചിയും പാണ്ടനും
വിരുന്നു മണത്തു.
ക്ഷമയോടെ കാത്തു.

ഇളംതിണ്ണയില്‍
‍വെറ്റിലയും കോളാമ്പിയും
ഒന്നിച്ചു വരണ്ടു.
പടിഞ്ഞാറേത്തൊടിയില്‍
വേനല്‍ ചപ്പു
പിന്നെയും ആളിയടങ്ങി .
ഉടയോനില്ലാമണിയൊച്ചകളില്‍
കാക്കക്കരച്ചില്‍ മുങ്ങിപ്പോയി .

പിന്നെയെപ്പോഴോ
അജ്ഞാതരായ
അനേകം അതിഥികള്‍
വിരുന്നുപുരയില്‍
നിശ്ശബ്ദമായി
വിരുന്നു തുടങ്ങി,
ആതിഥേയനില്ലാതെ...

(സമകാലീനമലയാളം)

പിന്നെയും രാധ


അറിയാതെ ആത്മാവിലുണരുമേകാന്തത-
ക്കറിയുന്നതില്ല ഞാന്‍ വിടചൊല്‍വതെങ്ങിനെ!
പിരിയാത്ത നിഴലുകള്‍ പ്രണയാര്‍ദ്രമോര്‍മ്മകള്‍
ഒടുവില്‍ കരിഞ്ഞു പോം വിഫലപ്രതീക്ഷകള്‍ .

കാട്ടിലൂടെ കാറ്റുപാടുന്നുവോ കാത്തു -
കാതോര്‍ത്തിരിയ്ക്കുമെന്‍ കാതര ഗീതിക
കഥകളറിയും കാടുമിന്നു ചൊല്ലുന്നുവോ
അറിയുകീ കാത്തിരിപ്പര്‍ത്ഥശൂന്യം
കളിയായി കണ്‍ചിമ്മി നോക്കുന്ന താരകള്‍
പറയുന്നുവോ, 'രാധേ വരികില്ലവന്‍'
അകലെയെങ്ങോ ഗഗന വീഥിയില്‍ പുളയുമാ-
ച്ചിരി, (മിന്നലതുതന്നെ ചൊല്‍കയാണോ !)

പ്രിയനെ അറിയും രാധയെന്നൊരാ സങ്കല്‍പ്പം
പഴയൊരു നുണക്കഥ പ്രിയതരമതെങ്കിലും
അകലെ അടവിക്കുള്ളിലിളമുള മൂളവെ
മനമിന്നൊരശ്വമായ്‌ ചുരമാന്തിയുണരുന്നു .
അതിനെയടക്കുവാന്‍, അതിനെത്തളയ്ക്കുവാന്‍
അറിവെന്നും പറയുന്നു, ഹൃദയം വിലക്കുന്നു.

അവനിയിലിവള്‍ക്കു തണലേകുന്ന തരുവവന്‍
അവനില്ലയെങ്കിലീ രാധയില്ല.
അകമാകെ നീറ്റുമീയേകാന്തതക്കു ഞാന്‍
അറിയുന്നതില്ലിന്നു വിട ചൊല്‍വതെങ്ങനെ!

സുന്ദരം ജീവിതം

(വിവര്‍ത്തനം)

(P.S. മനോജ്‌ കുമാര്‍ എഴുതിയ life is beautiful എന്ന കവിതയുടെ വിവര്‍ത്തനം )

തെരുവോരത്തകരച്ചെണ്ടയില്‍
‍അലമുറ.
ബധിരന്റെ കേള്‍വി.

നോവിന്റെ വെയില്‍മിഴികള്‍‍
നോക്കാതെ നിന്നും
നില്‍ക്കാതെ കണ്ടും
വഴിപോക്കര്‍ചുറ്റിനും

ഇരുകോലുകള്‍
‍ഉള്ളിലിടിമുഴക്കം
ഉരുകുന്നുഗിരിതന്‍ വിഷാദം
അലറുന്നു കടലിന്റെ മൗനം
ഇതു തുടര്‍വാഴ്‌വിന്‍നിലക്കാത്ത ചെത്തം

ആകെച്ചുളുങ്ങിചിലമ്പുമീ ചെണ്ടയില്‍
ജീവിത സ്പ്ന്ദമായ്‌
നീ സ്വയം നിറയവേ
കനവിനു വിലങ്ങുമായ്‌കാറ്റൊന്നുവരുമൊ?
കനിവിന്‍ തലോടലായ്‌മഴയുതിരുമോ..
വെയില്‍മായുമോ?
നിലാത്തിരിവെട്ടയണയുമൊ?
മണ്ണിന്റെയുടല്‍ പിളര്‍-
ന്നെല്ലാമൊടൂങ്ങുമൊ?
ഒന്നായ്ച്ചിതറുമോ താരജാലം !

ആളും കാലാപക്കൊടുംതീ
നിലവിളിച്ചെത്തങ്ങള്‍ ,
തേങ്ങലുകള‍ട്ടഹാസങ്ങള്‍
അലര്‍ച്ചകളമര്‍ച്ചകള്‍
‍ഒന്നാകെയൊരുനാള്‍
കീഴ്മേലില്‍ മറിയുമോ
ജീവിതം സുന്ദരമെന്നോ?

ചുവടൂവെയ്പിടറിടാം
വീഥിയില്‍ വീണിടാം
യാത്രയ്ക്കു കൂട്ടിവയുമെന്നോ?
ജീവിതം സുന്ദരമെന്നോ?

നാവിന്നു പഴനീരിനിപ്പുമതിയെന്നോ?
വനികയില്‍ പൂക്കാലം മാത്രമെന്നോ?
വാഴ്‌വതിമോഹനമെന്നോ?
ദു:ഖങ്ങള്‍വാടും ഹൃദയത്തില്‍മാത്രമെന്നോ !

പഥിക മുളപൊട്ടുമീ
കന്യാവിചിന്തനം
തുടരുന്നു പിന്നിലായ്‌
ചെണ്ടതന്‍ നിസ്വനം

Sunday, October 14, 2007

മയില്‍പ്പീലിത്തുറുകണ്ണ്‌




ഏരിക്കര ,
നീലൂരിപ്പൊന്ത
തുറുകണ്ണന്‍ പുള്ളിപ്പുലി
ചെങ്കല്ലുരച്ചു മിനുങ്ങും തവല*
കൈവളക്കലപില
മിന്നും മുക്കു മൂക്കുത്തി
കടും നിറപ്പുള്ളിച്ചേല
കണങ്കാല്‍ കൊലുസ്സ്‌
മയിലാള്‍‍,പാപ്പാള്‍,വള്ളി,മുനിയമ്മ..

കോളനിക്കിണറോരം
പെണ്‍പഞ്ചായത്ത്‌
കണ്ണയ്യന്‍ പൊട്ടച്ചി* പെണ്ണായ കത
നാകേലന്‍ പൊഞ്ചാതിക്ക്‌*
നാലു ക്ളാസ്സ്‌ പടിച്ച പവറ്
‍കമ്പനിവേലക്കുപോണ ചിന്നത്തായി
തെന്നംതോപ്പില്‍
പുലിക്കണ്‍മിനുക്കം
മയിലാള്‍,മുനിയമ്മ,വള്ളി

നട്ടുച്ചപ്പെരുവഴി
ഈര്‍ക്കിലിമൂക്കുത്തിക്കുവേര്‍പ്പുമിനുക്കം
തവലത്തണ്ണി കലപിലകലപില
പനങ്കാടപ്പുറംപുലിവാലിളക്കം
മയിലാള്‍,മുനിയമ്മ.....

പെരുവഴിയോരം
തണ്ണിത്തവലപ്പാമ്പു വരിശ*
ചേലത്തൊട്ടില്‍ത്താലാട്ട്‌
പന്തല്‍പുറമേ പുലിക്കാല്‍പതുക്കം
മയിലാള്‍...

പെരുമരച്ചോട്‌
‍പുലിക്കണ്‍പെരുക്കം
പീലിത്തുറുക്കണ്‍പെരുക്കം
മയില്‍പീലിത്തുറുക്കണ്‍പെരുക്കം
പപ്പാള്‍,വള്ളി,മുനിയമ്മ.....

തവല- പിത്തളക്കുടം; പൊട്ടച്ചി - പെണ്‍കുട്ടി ; പൊഞ്ചാതി - ഭാര്യ വരിശ - വരി

(കേരളകൌമുദി ദിനപത്രം)