Tuesday, December 11, 2007

പുനരധിവാസം




അവര്‍ അറുപതുപേര്‍ .

മൈതാനം ചുറ്റും
മങ്ങിയ വെട്ടങ്ങളില്‍
തിരിയും കണ്‍പേച്ച്‌
അകത്ത്‌ വാക്കില്ലാപ്പകപ്പ്‌ .

കൊട്ടകപ്പടിക്കല്‍
കാനച്ചൂരിലും ഉയര്‍ന്ന പൂമണം
പുറത്ത്‌ കാത്തിരിപ്പ്‌ .

കാക്കാം ഊഴം
ഇക്കുറി തിരക്കേയില്ലെന്നുചിരിച്ച്‌
അദ്ധ്യക്ഷന്‍ .

അറുപതു നാവുകള്‍ മിണ്ടിയതൊപ്പം .
എണ്ണാന്‍ പഠിച്ച കഥ
കൂട്ടിക്കിഴിച്ച്‌ ഉത്തരം പൂജ്യമാവത്‌
മുനകൂര്‍ത്ത പകല്‍ക്കണ്ണുകള്‍
മധുരം നീട്ടും രാക്കയ്യുകള്‍
ലാത്തി വീശിപ്പായിച്ചോന്‍
രാ-മറ പറ്റി വന്നത്‌
പനിച്ചൂടില്‍
പഴച്ചാര്‍ മോന്തിയ കുഞ്ഞിളം ചിരിയില്‍ ,
ആറാള്‍ അടങ്ങിയ വാട്ടം
ഉടല്‍ മറന്നത്‌

വിവസ്ത്രം വാക്കുകള്‍

നൂറ്റൊന്നാവര്‍ത്തിച്ച കുളിയുടെ ഓര്‍മയില്‍
മുഷിഞ്ഞ വേദി
മുറിഞ്ഞ ഗൌളീവാക്കുകള്‍
നിര്‍ജ്ജീവം
എങ്കിലും പിടച്ചില്‍ പഠിച്ചവ
അറിവും ആഹ്വാനവും അഹന്തയും
മേമ്പൊടിക്കല്‍പം അലിവും

തലവര മാറണം
പുതിയ പകല്‍ വരണം
ഉറക്കം കനത്ത കണ്‍പോളകള്‍
ഉച്ചത്തില്‍ ചോദിച്ചു
എന്നിട്ടോാാാ??
തുടങ്ങാം ഒരിടം
എന്നിട്ട്‌.... ?
തൊഴിലൊന്നു നോക്കാം
എന്നിട്ട്‌.. ?
ഇടറാതെ നീങ്ങാം തന്‍കാലില്‍ നില്‍ക്കാം മക്കളെപ്പോറ്റാം
എന്നിട്ടെന്നിട്ട്‌... ?
പൂമണം കണ്‍ചിമ്മിവിളിച്ചു
അറുപതു ജോടിക്കണ്ണില്‍
നിഴല്‍തെളിച്ചം പകപ്പില്ലാവാക്ക്‌

കിനാവില്‍ ഞാനൊരു കുഞ്ഞായി
മുത്തശ്ശി കഥ പറയുകയായിരുന്നു
മുറ്റത്തരികില്‍കിണറ്റുവക്കില്‍
പണ്ടൊരു പാവം അമ്മൂമ്മ
മുണ്ടൊന്നൂ തുന്നാനായ്‌ ചെന്നിട്ട്‌....
എന്നിട്ട്‌... ?
പെട്ടെന്നു തൂശിപോയ്‌ വെള്ളത്തില്
‍എന്നിട്ട്‌... ?
എന്നിട്ടെന്നാല്‍ തൂശികിട്ടുമോ?
അയ്യോ കഷ്ടായി..
കഷ്ടംന്ന്ച്ചാല്‍ തൂശി കിട്ടുമോ.. ?

ഉത്തരം മുട്ടി
ഉറക്കം പോയി
ഞാന്‍ എഴുതിത്തുടങ്ങി

അവര്‍ അറുപതുപേര്‍....

(മാധ്യമം ആഴ്ചപ്പതിപ്പ്‌)

1 comment:

  1. അമ്മയെന്നും കഞ്ഞിക്കരിയിടുന്നത് അളന്നിട്ടാണ്‍. അടുക്കളയില്‍ അരിയെത്തിച്ചതിന്റെ വേര്‍പ്പ് അറിയുന്നതുകൊണ്ടാകണം. വാക്കുകള്‍ അതിമനോഹരമായി അടുക്കിയിരിക്കുന്നു. കൂടുതല്‍ പറയാത്തതെന്തെന്ന് ഞാന്‍തന്നെ ഉത്തരമുട്ടുന്നു, എല്ലയ്പോഴും സംഭവിക്കുന്നപോലെത്തന്നെ.

    ReplyDelete