Friday, December 28, 2007

പാഥേയം

സഹജ! നോവുകള്‍ക്കറുതിയായ്‌
ഇനി പുതിയ വീഥിയില്‍ പതിയെ നീങ്ങിടാം
നിയതി നീളുമീ വഴിത്താരചൂണ്ടി
വിളിക്കയായ്‌
പാന്ഥ! വരിക, നേരമായ്‌
പുനര്‍വിചിന്തനം മതി
പുറപ്പെടാം.
കടന്നു പോന്നൊരീ
വഴിത്താര
പിന്നില്‍ ഇടുങ്ങി
നീണ്ടുപോമിടനാഴിയാകും
മറവിതന്‍ മഞ്ഞുപുതപ്പിനാലെ
നീ നടന്ന പാതകള്‍
മറഞ്ഞുപോയിടാം
പുതിയ പൊന്‍വെയില്‍
പുതിയപൂവുകള്‍
പുതുവര്‍ഷം
പൊട്ടും പുതിയനാമ്പുകള്‍
പുതിയ ചിന്തകള്‍
ഉണരട്ടെ ഉള്ളില്‍
പുതുമണിവീണ
സ്വരമുതിര്‍ക്കട്ടെ

വഴി നടന്നേറെ
തളര്‍ന്നുവെന്നാകില്‍
നിറയെ പൂത്തൊരീ-
ക്കണിക്കൊന്നച്ചോട്ടില്‍
ചുമലിലെച്ചുമടിറക്കിവച്ചിനി
പതിയെ പാഥേയപ്പൊതി തുറന്നിടാം
തനയനുള്ളിലെ തളര്‍ച്ചയാറ്റുവാന്‍
അറിഞ്ഞമ്മയേകുമമൃതമീയന്നം
ഇതിലുണ്ടമ്മതന്‍
ചിരിയും കണ്ണീരും
തളരും നാളിലെ
തണല്‍ പ്രതീക്ഷയും
ഇതിലുണ്ടുതാതന്‍ കനിഞ്ഞരുളിയോ-
രനുഗ്രഹത്തിന്റെയരിയ മാധുര്യം
ഇതിന്നനുജതന്‍ കുരുന്നു ചുണ്ടിലെ
നറുംനിലാച്ചിരി പകര്‍ന്ന ധാവള്യം

ഉടലുണര്‍ന്നുവോ?
തുടര്‍ന്നിടാം യാത്ര
വഴികളേറെയാം നിനക്ക്‌ പിന്നിടാന്‍
ഇനി നയിക്കുവാന്‍ നിനക്കു നീ മാത്രം
തുണയ്ക്കായ്‌ പിന്നില്‍
നിന്‍ സഫല പൈതൃകം
തളരുമ്പോള്‍ താങ്ങായ്‌
അവര്‍തന്‍ പ്രാര്‍ഥന
കൊടിയ ദാഹത്തില്‍ തെളിനീരം
വിശന്നുഴറുമ്പോള്‍ അന്നം
സഫലം നിന്‍ ജന്‍മം
അരുതു കൈവെടിയരുതൊരിക്കലും
അവര്‍ നിനക്കേകും അമൃതപാഥേയം

സഹജ നോവുകളിനി മറക്കുക
പുതിയ പുലരിയെ തുയിലുണര്‍ത്തുക.




2 comments:

  1. ഡിസംബറിന്‍‌റ്റെ നഷ്ടസ്മരണകളുണര്‍ത്തുന്ന വരികള്‍........

    ReplyDelete
  2. ചേച്ചി ഓര്‍ക്കുന്നുണ്ടോ? പ്പണ്ട്‌ ഈ കവിത എനിക്കയച്ചു തന്നത്? ഇപ്പൊഴും അത് ആ സൈറ്റില്‍ ഉണ്ട്‌... മൂന്നു വര്‍ഷമായിട്ടുണ്ടാവും അല്ലേ? സാന്ത്വനത്തിന്‍റെ കുളിരുണ്ട്‌ ഈ വരികള്‍ക്ക്‌...

    സ്നേഹപൂര്‍വം

    ReplyDelete