Tuesday, March 10, 2009
നാളേയ്ക്കുള്ള ചില പെണ്‍കരുതലുകള്‍
ഇതില്‍പ്പരം റെലവണ്റ്റും സ്യൂട്ടബ്ളും ആയ
സബ്ജെക്റ്റ് ഇനിയെന്തുള്ളൂ എന്ന്
സെക്രട്ടറി സെക്കന്‍ഡ് ചെയ്തു
അഞ്ചംഗക്കമ്മിറ്റിയുടെ കൈയ്യടിയോടെ
അങ്ങനെ സെമിനാര്‍ റ്റോപിക്
തീരുമാനിയ്ക്കപ്പെട്ടു.
അബലയെന്നും ചപലയെന്നും
കണ്ണീര്‍ത്തുടരിലെ നായികയെന്നും
സ്ഥിരമായി അടയാളപ്പെടുത്തിയും
ചര്‍വിതചര്‍വണങ്ങള്‍ മാത്രം ചെയ്തും
പീഡിപ്പിയ്ക്കുകയാണ്
ഈ ആണ്‍കോയ്മയുടെ സമൂഹം
എന്നും നാടിന്റെ വികസനവഴികളില്‍
മുന്‍നടക്കാന്‍ സ്ത്രീകള്‍ക്ക് പ്രാപ്തിയുണ്ടോ?
എന്ന വെല്ലുവിളി ഏറ്റെടുക്കുകയാണ്
ഈ വനിതാദിനത്തില്‍
ഉയര്‍ന്ന ചിന്താഗതിക്കാരായ
നമ്മെപ്പോലുള്ളവര്‍ക്ക് കരണീയമെന്നും
അല്‍പസ്വല്‍പം ഭാഷയുടെ അസ്കിതയുള്ള
ഉപകാര്യദര്‍ശി ചൊല്ലിയാടി
സമയബോധം വളരെ മസ്റ്റ് ആയതുകൊണ്ട്
റ്റൈം മാനേജ്മണ്റ്റ് ഹാന്‍ഡില്‍ ചെയ്തുകൊള്ളാമെന്ന്
സല്‍വാറിന്റെ നെറ്റഡ് മേലാട
ഒന്നുകൂടി വലിച്ചിട്ട്
കീഴേ മാറുയരത്തിലേയ്ക്ക് ഒളികണ്ണിട്ട്
ആത്മവിശ്വാസമുറപ്പിച്ചു ട്രഷറര്‍ .
ഫ്യൂച്ചറിലേയ്ക്കുള്ള പ്ളാനിംഗില്‍
കിച്ചണ്‍ മാറ്റിനിര്‍ത്തിയാല്‍ എങ്ങനെയാണെന്നും
വിഷയം തന്റെ കൈയ്യില്‍ സേയ്ഫ് എന്നും
മുടമ്പല്ലില്‍ കുരുങ്ങിപ്പോയ ചില്ലിചിക്കന്‍
സൂക്ഷ്മതയോടെ കുത്തിയെടുത്ത്
വാക്കിനൊപ്പം ചവച്ചുതുപ്പി
വൈസ്പ്രസിഡണ്ട്
ചെലവിന്റെ പെണ്‍കരുതലുകള്‍ കണ്ടും കേട്ടും
അസ്തപ്രജ്ഞരായ കാണികളെ
താന്‍പോരിമയോടെ നോക്കുന്ന
വേദിയിലെ സിംഹികളെ
സ്വപ്നത്തില്‍ കണ്ട്
അഞ്ചു വനിതകള്‍ നിര്‍വൃതിപൂണ്ടു
പ്രസംഗങ്ങളില്‍പരിചയമില്ലാത്ത,
പ്രായോഗികബോധം കൂടിയ
ആറാമതൊരുവള്‍
മറ്റൊരു കരുതല്‍സാദ്ധ്യത
അന്നുരാത്രിതന്നെ
അവര്‍ക്കു മുന്നില്‍ തുറന്നിട്ട കാര്യം
മാര്‍ച്ച് എട്ടിലെ പത്രങ്ങള്‍
പ്രാദേശികപേജ് നിവര്‍ത്തി
അവരെയും അറിയിക്കുമായിരിക്കും
സുഗതകുമാരിറ്റീച്ചര്‍ക്ക്..
90 ലെ ആ പെണ്‍കുഞ്ഞിനു ഇപ്പോള്‍ വയസ്സ് 19.
അവളുടെ അമ്മയുടെ അനേകം ഉല്‍ക്കണ്ഠകളില്‍ ഒന്നു സംഭവിച്ചു.
അതുകൊണ്ട് അവള്‍ ആവര്‍ത്തിക്കുന്നു ,ഈ 2009 ലും.
ആ അമ്മയും .....
ഒപ്പം 90 എന്ന വാല്‍ ഉപേക്ഷിച്ചുകൊണ്ട്‌റ്റീച്ചറുടെ കവിതയും...*
പെണ്‍കുഞ്ഞ് 90 എന്ന കവിത
*
Thursday, February 5, 2009
ചങ്ങമ്പുഴ കൃഷ്ണപിള്ള -സ്പന്ദിക്കുന്ന അസ്ഥിമാടം-ആലാപനം
കവിത ഇവിടെ വായിക്കാം..
ചങ്ങമ്പുഴ കൃഷ്ണപിള്ള (1913-1947)
1913 ഒക്റ്റോബര്‍ 10 നു ജനനം. ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂള്‍, ശ്രീകൃഷ്ണവിലാസം ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍, ആലുവാ സെന്റ് മേരീസ് സ്കൂള്‍, എറണാകുളം സര്‍ക്കാര്‍ ഹൈസ്കൂള്‍, സെന്റ് ആല്‍ബര്‍ട്ട്സ് സ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് എറണാകുളത്തും തിരുവനന്തപുരത്തുമുള്ള കോളേജുകളില്‍ പഠനം. മലയാള സാഹിത്യത്തില്‍ എം. എ ബിരുദം. പഠിക്കുന്നകാലത്തുതന്നെ ചങ്ങമ്പുഴ ഒരനുഗ്രഹീത കവിയായിത്തീര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ പല പ്രസിദ്ധ കൃതികളും അന്നു പുറത്തുവരുകയുണ്ടായി. മംഗളോദയം മാസികയുടെ പത്രാധിപസമിതിയംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
വിദ്യാഭ്യാസകാലഘട്ടം അവസാനിക്കും മുമ്പുതന്നെ അദ്ദേഹം ശ്രീദേവിഅമ്മയെ വിവാഹം ചെയ്‌തു.
ആദ്യ കവിതാസമാഹാരം ബാഷ്പാഞ്ജലി. കവിതയോടൊപ്പം തന്നെ നോവല്‍, ചെറുകഥ, നാടകം, സാഹിത്യ ചിന്ത, നിരൂപണം എന്നിങ്ങനെ അദ്ദേഹം കൈവെയ്ക്കാത്ത സാഹിത്യ മേഖലകളില്ല. പ്രധാന കൃതികള്‍ ബാഷ്പാഞ്ജലി, ,ഉദ്യാനലക്ഷ്മി,കല്ലോലമാല,തിലോത്തമ,ദേവഗീത,പാടുന്നപിശാച്,മണിവീണ, യവനിക, മദിരോത്സവം,സ്പന്ദിക്കുന്ന അസ്ഥിമാടം,, ഹേമന്തചന്ദ്രിക രക്തപുഷ്പങ്ങള്‍- തുടങ്ങിയ കവിതാസമാഹാരങ്ങള്‍ രമണന്‍,കളിത്തോഴി(നോവല്‍)
Wednesday, January 21, 2009
സ്വപ്നഭൌതികം
കാലിനടിയില്‍ ചവിട്ടുപടിയുടെ കിരുകിരുപ്പ്
'എണ്ണിയോ? എത്രാമത്തേതാണു ഞാന്‍?"
കീഴോട്ടും മേലോട്ടും
വെളിപാടിന്റെ നോട്ടപ്പകപ്പില്‍
പൊടുന്നനെ നിലതെറ്റി.
ചലിക്കും യന്ത്രത്തിന്റെ ഛായ പകര്‍ന്നു,
പഴയ തറവാട്ടുമുറ്റത്തേക്ക്
തെക്കുവടക്കായി
ആടിയുലഞ്ഞുവീണു,
പൊളിരുകൊണ്ട് പടിയുറപ്പിച്ച
*ആരുപാകിയ
*പച്ചമുളയേണി.
മുകളിലേയ്ക്ക്
പട്ടുപുതപ്പിച്ച
ഞാനും..
* പൊളിര് -പച്ചമുള ചീവിയെടുക്കുന്ന ചരട്
*ആര്- തൊലിയില്‍ തറയുമ്പോള്‍ വേദനിപ്പിക്കുന്ന, ചീന്തുമുളയുടെ എഴുന്നുനില്‍ക്കുന്ന നാരുകള്‍
Saturday, January 17, 2009
ജി. ശങ്കരക്കുറുപ്പ്-ശിവതാണ്ഡവം-ആലാപനം
1962 സെപ്റ്റംബറിലാണ് ഈ കവിത രചിച്ചത്. ഉപനിഷത്തിലെ പുരാണമിഥുനം ആണ് മാറ്ററും സ്പിരിറ്റും.
പ്രകൃതിയും പുരുഷനുമാണ് ജഗല്‍പ്പിതാക്കള്‍. ശാസ്ത്രസംസ്കാരത്തിന്റേയും പൌരാണികസങ്കല്‍പത്തിന്റേയും 'ഫ്യൂഷന്‍" ആയ ഈ കവിത പ്രകൃതിയുടെ ദര്‍പ്പണത്തില്‍ മുഖം നോക്കുകയാണ്. '
(കവിത കേള്‍ക്കുക-ശിവതാണ്ഡവം)
'പരസ്പര തപസ്സമ്പദ്
ഫലായിത പരസ്പരൌ
പ്രപഞ്ചമാതാ പിതരൌ
പ്രാഞ്ചൌജായാപതിസ്തുമ:
വാഗാര്‍ത്ഥാവിവസമ്പൃക്തൌ
വാഗര്‍ത്ഥപ്രതിപത്തയേ
ജഗത:പിതരൌ വന്ദേ
പാര്‍വതീപരമേശ്വരൌ
(വാഗാര്‍ത്ഥാവിവസമ്പൃക്തൌ
വാഗര്‍ത്ഥപ്രതിപത്തയേ
ജഗത:പിതരൌ വന്ദേ
പാര്‍വതീപരമേശ്വരൌ
(കാളിദാസണ്റ്റെ രഘുവംശം ആദ്യസര്‍ഗ്ഗത്തിലെ ആദ്യ ശ്ളോകമാണിത്.
'വാക്കും അര്‍ത്ഥവും പരസ്പരം എത്രകണ്ടു യോജിപ്പുണ്ടൊ അത്രയും ചേര്‍ന്നിരിക്കുന്ന ജഗല്‍പ്പിതാക്കളായ ഉമാമഹേശ്വരന്‍മാരെ വാഗര്‍ത്ഥങ്ങളോട് പ്രതിപത്തി ഉണ്ടാവാനായി(ഞാന്‍) വന്ദിക്കുന്നു' എന്നു അര്‍ത്ഥം
ഇതിന്റെ മലയാളം വിവര്‍ത്തനശ്ളോകം 'ജി' യുടെ അമ്മാവനായ നായത്തോട് ഗോവിന്ദക്കുറുപ്പ് കൊടൂത്തിരിക്കുന്നത് ഇങ്ങനെയാണ്.
വാക്കുമര്‍ത്ഥവുമെന്നോണം
ചേര്‍ന്ന ലോകപിതാക്കളെ
വാഗര്‍ത്ഥബോധംവരുവാന്‍
വന്ദിപ്പൂ ഗിരിജേശരെ
സമാനമായ അര്‍ത്ഥംതന്നെയാണ് ആദ്യത്തേ ഉപനിഷദ്ശ്ളോകത്തിനും. തപസ്സമ്പത്തിന്റെയും അതിന്റെ ഫലത്തിന്റെയും പാരസ്പര്യത്തെയാണ് പുരാണമിഥുനങ്ങളായ ജഗല്‍പ്പിതാക്കളൂടെ പാരസ്പര്യവുമായി ഇവിടെ താരതമ്യപ്പെടുത്തിയിരിക്കുന്നത്)
Thursday, January 15, 2009
ജി. ശങ്കരക്കുറുപ്പ്-ശിവതാണ്ഡവം-ആലാപനം
(ശിവതാണ്ഡവം വായിക്കുക... )
ജി. ശങ്കരക്കുറുപ്പ്(1901- 1978)
എറണാകുളം ജില്ലയിലെ കാലടിയില്‍ ജനനം.
അച്ഛമമ്മമാര്‍ നെല്ലിക്കാപ്പുള്ളി ശങ്കരവാര്യരും വടക്കിനിവീട്ടില്‍ ലക്ഷ്മിക്കുട്ടിയമ്മയും.
പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും സ്കൂള്‍ വിദ്യാഭ്യാസം.
പണ്ഡിത, മലയാള വിദ്വാന്‍ പരീക്ഷകള്‍ ജയിച്ചു.
എറണാകുളം മഹാരാജാസ് കോളേജിലും ത്രിശ്ശൂര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലും
അദ്ധ്യാപകനായി ജോലിനോക്കി. രാജ്യസഭാംഗമായിരുന്നു.
കേരള സാഹിത്യ അക്കാദമി, സമസ്തകേരള സാഹിത്യ പരിഷത്ത്
എന്നിവയുടെ പ്രസിഡണ്റ്റ് ആയിരുന്നു
പുരസ്കാരങ്ങള്‍
ജ്ഞാനപീഠം( 1966)
സോവിയറ്റ് ലാന്‍ഡ് അവാര്‍ഡ്(1967)
ഓടക്കുഴല്‍ പുരസ്കാരം അദ്ദേഹം ഏര്‍പ്പെടൂത്തിയതാണ്.
പ്രധാന കൃതികള്‍:
സാഹിത്യകൌതുകം(നാലുഭാഗം)
ഓടക്കുഴല്‍, സൂര്യകാന്തി, പൂജാപുഷ്പം, പാഥേയം,
സന്ധ്യ, മുത്തും ചിപ്പിയും, ഓലപ്പീപ്പി, മേഘച്ഛായ(വിവര്‍ത്തനം)
ജി പറയുന്നു.......
1962 സെപ്റ്റംബറിലാണ് ഈ കവിത രചിച്ചത്.
ഉപനിഷത്തിലെ പുരാണമിഥുനം ആണ് മാറ്ററും സ്പിരിറ്റും.
'പരസ്പര തപസ്സമ്പദ്
ഫലായിത പരസ്പരൌ
പ്രപഞ്ചമാതാ പിതരൌ
പ്രാഞ്ചൌജായാപതിസ്തുമ:
പ്രകൃതിയും പുരുഷനുമാണ് ജഗല്‍പ്പിതാക്കള്‍. ശാസ്ത്രസംസ്കാരത്തിന്റേയും
പൌരാണികസങ്കല്‍പത്തിന്റേയും 'ഫ്യൂഷന്‍" ആയ ഈ കവിത
പ്രകൃതിയുടെ ദര്‍പ്പണത്തില്‍ മുഖം നോക്കുകയാണ്. '
( അവലംബം- 'ജി' യുടെ തിരഞ്ഞെടുത്ത കവിതകള്‍)
വാഗാര്‍ത്ഥാവിവസമ്പൃക്തൌ
വാഗര്‍ത്ഥപ്രതിപത്തയേ
ജഗത:പിതരൌ വന്ദേ
പാര്‍വതീപരമേശ്വരൌ
(കാളിദാസണ്റ്റെ രഘുവംശം ആദ്യസര്‍ഗ്ഗത്തിലെ ആദ്യ ശ്ളോകമാണിത്.
'വാക്കും അര്‍ത്ഥവും പരസ്പരം എത്രകണ്ടു യോജിപ്പുണ്ടൊ അത്രയും ചേര്‍ന്നിരിക്കുന്ന
ജഗല്‍പ്പിതാക്കളായ ഉമാമഹേശ്വരന്‍മാരെ വാഗര്‍ത്ഥങ്ങളോട്
പ്രതിപത്തി ഉണ്ടാവാനായി(ഞാന്‍) വന്ദിക്കുന്നു' എന്നു അര്‍ത്ഥം
ഇതിന്റെ മലയാളം വിവര്‍ത്തനശ്ളോകം 'ജി' യുടെ അമ്മാവനായ നായത്തോട്
ഗോവിന്ദക്കുറുപ്പ് കൊടൂത്തിരിക്കുന്നത് ഇങ്ങനെയാണ്.
വാക്കുമര്‍ത്ഥവുമെന്നോണം
ചേര്‍ന്ന ലോകപിതാക്കളെ
വാഗര്‍ത്ഥബോധംവരുവാന്‍
വന്ദിപ്പൂ ഗിരിജേശരെ
സമാനമായ അര്‍ത്ഥംതന്നെയാണ് ആദ്യത്തേ ഉപനിഷദ്ശ്ളോകത്തിനും.
തപസ്സമ്പത്തിന്റെയും അതിന്റെ ഫലത്തിന്റെയും പാരസ്പര്യത്തെയാണ് പുരാണമിഥുനങ്ങളായ
പാരസ്പര്യവുമായി ഇവിടെ താരതമ്യപ്പെടുത്തിയിരിക്കുന്നത് )
Wednesday, January 7, 2009
വിളി- ബാലാമണിയമ്മ-ആലാപനം
1909 ജൂലൈ 19നാണ് പുന്നയൂര്‍ക്കുളത്ത് നാലാപ്പാട്ട് തറവാട്ടില്‍ ജനിച്ചു. പത്തൊമ്പതാം വയസ്സില്‍ വി.എം. നായരെ വിവാഹം കഴിച്ച് കൊല്‍ക്കത്തയിലേക്ക് പോയി. ബാലാമണിയമ്മയുടെ പ്രശസ്തമായ കവിതകളെല്ലാം പിറന്നത് കൊല്‍ക്കത്തയുടെ മണ്ണിലാണ്. കൂപ്പുകൈ എന്ന ആദ്യ കവിതാസമാഹാരം 1930ല്‍ പുറത്തിറങ്ങി. സ്ത്രീ ഹൃദയം, കളിക്കോട്ട, പ്രഭാങ്കുരം, പ്രണാമം, മുത്തശ്ശി, മഴുവിന്റെ കഥ തുടങ്ങിയവയാണ് ബാലാമണിയമ്മയുടെ പ്രശസ്ത കൃതികള്‍.
ഖണ്ഡകാവ്യങ്ങളൂം സമാഹാരങ്ങളുമായി പതിനഞ്ചിലേറെ കൃതികള്‍ .മാതൃത്വത്തിണ്റ്റെ ഉദാരവാത്സല്യം, ശൈശവത്തിണ്റ്റെ നിഷ്കളങ്കത, ആത്മീയത, കറകളഞ്ഞ ഭക്തി എന്നിവയെല്ലാം നിറഞ്ഞുനില്‍ക്കുന്ന കവിതകള്‍.
പദ്മഭൂഷണ്‍ , സരസ്വതീസമ്മാന്‍ ,കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ആശാന്‍ വേള്‍ഡ് പ്രൈസ് തുടങ്ങി ,തൃപ്പൂണിത്തുറ ശാസ്ത്രസദസ്സിണ്റ്റെ 'സാഹിത്യനിപുണ' ബഹുമതി തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ ബാലാമണിയമ്മയെ തേടിയെത്തിയിട്ടുണ്ട്.