Friday, December 28, 2007

പാഥേയം

സഹജ! നോവുകള്‍ക്കറുതിയായ്‌
ഇനി പുതിയ വീഥിയില്‍ പതിയെ നീങ്ങിടാം
നിയതി നീളുമീ വഴിത്താരചൂണ്ടി
വിളിക്കയായ്‌
പാന്ഥ! വരിക, നേരമായ്‌
പുനര്‍വിചിന്തനം മതി
പുറപ്പെടാം.
കടന്നു പോന്നൊരീ
വഴിത്താര
പിന്നില്‍ ഇടുങ്ങി
നീണ്ടുപോമിടനാഴിയാകും
മറവിതന്‍ മഞ്ഞുപുതപ്പിനാലെ
നീ നടന്ന പാതകള്‍
മറഞ്ഞുപോയിടാം
പുതിയ പൊന്‍വെയില്‍
പുതിയപൂവുകള്‍
പുതുവര്‍ഷം
പൊട്ടും പുതിയനാമ്പുകള്‍
പുതിയ ചിന്തകള്‍
ഉണരട്ടെ ഉള്ളില്‍
പുതുമണിവീണ
സ്വരമുതിര്‍ക്കട്ടെ

വഴി നടന്നേറെ
തളര്‍ന്നുവെന്നാകില്‍
നിറയെ പൂത്തൊരീ-
ക്കണിക്കൊന്നച്ചോട്ടില്‍
ചുമലിലെച്ചുമടിറക്കിവച്ചിനി
പതിയെ പാഥേയപ്പൊതി തുറന്നിടാം
തനയനുള്ളിലെ തളര്‍ച്ചയാറ്റുവാന്‍
അറിഞ്ഞമ്മയേകുമമൃതമീയന്നം
ഇതിലുണ്ടമ്മതന്‍
ചിരിയും കണ്ണീരും
തളരും നാളിലെ
തണല്‍ പ്രതീക്ഷയും
ഇതിലുണ്ടുതാതന്‍ കനിഞ്ഞരുളിയോ-
രനുഗ്രഹത്തിന്റെയരിയ മാധുര്യം
ഇതിന്നനുജതന്‍ കുരുന്നു ചുണ്ടിലെ
നറുംനിലാച്ചിരി പകര്‍ന്ന ധാവള്യം

ഉടലുണര്‍ന്നുവോ?
തുടര്‍ന്നിടാം യാത്ര
വഴികളേറെയാം നിനക്ക്‌ പിന്നിടാന്‍
ഇനി നയിക്കുവാന്‍ നിനക്കു നീ മാത്രം
തുണയ്ക്കായ്‌ പിന്നില്‍
നിന്‍ സഫല പൈതൃകം
തളരുമ്പോള്‍ താങ്ങായ്‌
അവര്‍തന്‍ പ്രാര്‍ഥന
കൊടിയ ദാഹത്തില്‍ തെളിനീരം
വിശന്നുഴറുമ്പോള്‍ അന്നം
സഫലം നിന്‍ ജന്‍മം
അരുതു കൈവെടിയരുതൊരിക്കലും
അവര്‍ നിനക്കേകും അമൃതപാഥേയം

സഹജ നോവുകളിനി മറക്കുക
പുതിയ പുലരിയെ തുയിലുണര്‍ത്തുക.




Saturday, December 15, 2007

തീരുന്നേയില്ല....



നിഴലുകള്‍ക്കിടയില്‍
ആത്മാവൊരെണ്ണം
ഉടല്‍ തിരയുകയാണ്‌

ചാഞ്ഞവെയിലില്‍
നീളമാര്‍ന്നതിനാല്‍
അവയെല്ലാം
അതിരുകള്‍ തേഞ്ഞും
അടയാളങ്ങള്‍ മാഞ്ഞും കാണായി

പുനരപിമരണം ഭയന്ന
ദേഹമോ
എന്നേക്കും
നിഴല്‍നിഴലില്‍ത്തന്നെ
മറഞ്ഞുമിരിപ്പായി

തിരച്ചില്‍

Tuesday, December 11, 2007

പുനരധിവാസം




അവര്‍ അറുപതുപേര്‍ .

മൈതാനം ചുറ്റും
മങ്ങിയ വെട്ടങ്ങളില്‍
തിരിയും കണ്‍പേച്ച്‌
അകത്ത്‌ വാക്കില്ലാപ്പകപ്പ്‌ .

കൊട്ടകപ്പടിക്കല്‍
കാനച്ചൂരിലും ഉയര്‍ന്ന പൂമണം
പുറത്ത്‌ കാത്തിരിപ്പ്‌ .

കാക്കാം ഊഴം
ഇക്കുറി തിരക്കേയില്ലെന്നുചിരിച്ച്‌
അദ്ധ്യക്ഷന്‍ .

അറുപതു നാവുകള്‍ മിണ്ടിയതൊപ്പം .
എണ്ണാന്‍ പഠിച്ച കഥ
കൂട്ടിക്കിഴിച്ച്‌ ഉത്തരം പൂജ്യമാവത്‌
മുനകൂര്‍ത്ത പകല്‍ക്കണ്ണുകള്‍
മധുരം നീട്ടും രാക്കയ്യുകള്‍
ലാത്തി വീശിപ്പായിച്ചോന്‍
രാ-മറ പറ്റി വന്നത്‌
പനിച്ചൂടില്‍
പഴച്ചാര്‍ മോന്തിയ കുഞ്ഞിളം ചിരിയില്‍ ,
ആറാള്‍ അടങ്ങിയ വാട്ടം
ഉടല്‍ മറന്നത്‌

വിവസ്ത്രം വാക്കുകള്‍

നൂറ്റൊന്നാവര്‍ത്തിച്ച കുളിയുടെ ഓര്‍മയില്‍
മുഷിഞ്ഞ വേദി
മുറിഞ്ഞ ഗൌളീവാക്കുകള്‍
നിര്‍ജ്ജീവം
എങ്കിലും പിടച്ചില്‍ പഠിച്ചവ
അറിവും ആഹ്വാനവും അഹന്തയും
മേമ്പൊടിക്കല്‍പം അലിവും

തലവര മാറണം
പുതിയ പകല്‍ വരണം
ഉറക്കം കനത്ത കണ്‍പോളകള്‍
ഉച്ചത്തില്‍ ചോദിച്ചു
എന്നിട്ടോാാാ??
തുടങ്ങാം ഒരിടം
എന്നിട്ട്‌.... ?
തൊഴിലൊന്നു നോക്കാം
എന്നിട്ട്‌.. ?
ഇടറാതെ നീങ്ങാം തന്‍കാലില്‍ നില്‍ക്കാം മക്കളെപ്പോറ്റാം
എന്നിട്ടെന്നിട്ട്‌... ?
പൂമണം കണ്‍ചിമ്മിവിളിച്ചു
അറുപതു ജോടിക്കണ്ണില്‍
നിഴല്‍തെളിച്ചം പകപ്പില്ലാവാക്ക്‌

കിനാവില്‍ ഞാനൊരു കുഞ്ഞായി
മുത്തശ്ശി കഥ പറയുകയായിരുന്നു
മുറ്റത്തരികില്‍കിണറ്റുവക്കില്‍
പണ്ടൊരു പാവം അമ്മൂമ്മ
മുണ്ടൊന്നൂ തുന്നാനായ്‌ ചെന്നിട്ട്‌....
എന്നിട്ട്‌... ?
പെട്ടെന്നു തൂശിപോയ്‌ വെള്ളത്തില്
‍എന്നിട്ട്‌... ?
എന്നിട്ടെന്നാല്‍ തൂശികിട്ടുമോ?
അയ്യോ കഷ്ടായി..
കഷ്ടംന്ന്ച്ചാല്‍ തൂശി കിട്ടുമോ.. ?

ഉത്തരം മുട്ടി
ഉറക്കം പോയി
ഞാന്‍ എഴുതിത്തുടങ്ങി

അവര്‍ അറുപതുപേര്‍....

(മാധ്യമം ആഴ്ചപ്പതിപ്പ്‌)

Wednesday, December 5, 2007

പൂവുകളെഴുതിയ സുവിശേഷം



സ്റ്റാഫ്‌ കൗണ്‍സിലോണം
മാര്‍ക്കിടാനെത്തണം
അത്തം ഈയാണ്ടി-
ലാശുപത്രിയില്‍.

കാഷ്വാലിറ്റിയിടനാഴിയില്‍
പേറ്റിടത്തൊട്ടിലരികില്‍
ഐ സി യൂവിന്നടഞ്ഞ
വാതില്‍വഴിയില്‍
ഓ. പി. കൗണ്ടറിന്‍
പേരേടുകൂനക്കിടയില്‍
കോവണിച്ചോട്ടില്‍
കൈകാല്‍ നിരന്ന
ലിംബ്‌ സെന്ററില്‍
ചെണ്ടുമല്ലി, ചേമന്തി,
വാടാമുല്ല, ചമ്പങ്കി,
വാളയാര്‍ വരവു വര്‍ണ്ണങ്ങള്‍
വാടും കളങ്ങള്‍.

സ്നേഹം സമത്വം,
സ്വാതന്ത്ര്യം സാഹോദര്യം
മതസഹനസമാധാനപ്പറവകള്‍
പനിക്കാറ്റില്‍
പ്പാറീപൊരുളുകള്‍.

പുറത്തകത്തും കളമെന്നു
കൈകൂപ്പി
വാതില്‍ക്കാവലാള്‍
മഞ്ഞില്‍ വിളര്‍ത്ത
മഞ്ഞവിരല്‍പ്പൂക്കള്‍
കാല്‍ത്താമര
മുടിക്കറുപ്പില്‍
ചെമ്പരത്തി
ഒരുക്കം തീര്‍ത്തും
വിധി കാത്തും.

കുറ്റിക്കാട്ടില്‍
കൈതപ്പൊന്തയില്‍
ചേറ്റുതോട്ടില്‍
ആറ്റുനീറ്റില്‍
നാടോടി, കാടോടി-
ക്കൊണ്ടുവന്നൊക്കെയും
ചേര്‍ച്ചയിലൊപ്പിച്ച്‌
ചന്തം തികച്ചത്‌.

തര്‍ക്കമില്ലാതെ മാര്‍ക്കിട്ട്‌
സമ്മാനമുറപ്പിച്ച്‌
മോര്‍ച്ചറിപ്പടിയിറങ്ങി

(മാധ്യമം ആഴ്ചപ്പതിപ്പ്‌ )