Tuesday, November 18, 2008

ശിഖണ്ഡിമൌനം


(വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ എഴുതിയ കവിത. കെട്ടും മട്ടും കാലഹരണപ്പെട്ടു പോയെങ്കിലും വിഷയം എന്നും പ്രസക്തം. എല്ലാം ആവര്‍ത്തിക്കപ്പെടുന്നു . ശിഖണ്ഡിമൌനങ്ങളും .. )



ഒരു ചിതകൂടിയെരിയുന്നൂ
കാറ്റില്‍ ചുടലച്ചെങ്കനല്‍ മുഖം മിനുക്കുന്നു
ചടുലതാളത്തില്‍ ചുവടുവെയ്ക്കുമീ
ചുടലബ്ഭൂതങ്ങളറുന്നാര്‍ക്കുന്നു
കഴുകന്‍മാര്‍ കൊക്കും നഖവും കൂര്‍പ്പിച്ചു
മരണഭൂവിതില്‍ വിരുന്നു കാക്കുന്നൂ
കുരുതിച്ചെന്നിണപ്പുഴയൊഴുകുന്നൂ
പുകയുന്നൂ വൈരം ഇതു മൃതിപര്‍വം

അധികാരിയ്ക്കു തന്‍ കളമുറയ്ക്കുവാന്‍
കരുവായീപോലും പഴയ ചേകവന്‍
അണിയായിട്ടിന്നുമടരിലുണ്ടവന്‍
നെറിയെഴാത്തവരിവനുടയവര്‍
കഥയില്‍ കുഞ്ഞാടിന്‍ചുടുനിണത്തിനായ്‌
ചതിയന്‍ ചെന്നായ്തന്‍ വിചിത്രന്യായം പോല്‍
ഇവര്‍ക്കുമായിരം വികലസുക്തങ്ങള്‍
വിധിപ്പവരിവര്‍ വിധിനടത്തുവോര്‍
അരുമയായ്‌ പോറ്റുമരിയ ബാല്യത്തിന്‍
ചിരിയെരിതീയാലണയ്ക്കുവോരിവര്‍
മുനകള്‍ രാകിയ പുതുനാരായത്താല്‍
മൃതിവരം മന്ത്രം കുറിക്കും പ്രാണനില്‍
ലഹരിയാല്‍ നാടിന്‍ യുവത്വമൂറ്റുവോര്‍
ലഹരിയില്‍പ്പോലും വിഷം കലക്കുവോര്‍
ഇവര്‍ക്കു ചൂതാടാന്‍ ശകുനിതന്‍ തുണ
ഇവര്‍ക്കിന്നും സ്ത്രീത്വം പണയസാധനം

കൊടിയ നീരാളിക്കരങ്ങളാല്‍ നാടിന്‍
കരളിലിന്നിവര്‍ പിടിമുറുക്കവേ
ഇതുവിധിയെന്നു നെടുവീര്‍പ്പിട്ടിടാം
'സബ്കോ സന്‍മതി' തെളിയാന്‍ പ്രാര്‍ത്ഥിക്കാം
'എനിക്കില്ല ജാതി' വെളിപ്പെടുത്തിടാം
'എനിക്കെന്തു ചേരി' ഉറക്കെഗ്ഘോഷിക്കാം
ശിഖണ്ഡിമൌനത്തിന്‍ ചിതല്‍പുറ്റാല്‍
മൂടീ ശമത്തിന്‍ മന്ത്രങ്ങളുരുക്കഴിച്ചിടാം
അവസാനസ്പന്ദം നിലയ്ക്കുവോളവും
ഇടറുകാല്‍ വലിച്ചിഴയാം! പോരിക.

4 comments:

  1. നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

    ReplyDelete
  2. ...അധികാരിയ്ക്കു തന്‍ കളമുറയ്ക്കുവാന്‍
    കരുവായീപോലും പഴയ ചേകവന്‍
    അണിയായിട്ടിന്നുമടരിലുണ്ടവന്‍
    നെറിയെഴാത്തവരിവനുടയവര്‍...

    അഭിനവ ചേകവന്മാര്‍ അരങ്ങ് തകര്‍ക്കുന്നു. ഇന്ന്.

    ReplyDelete
  3. നന്നായിരിക്കുന്നു. വിഷയം ഇന്നത്തെ കാലത്ത് വളരെ പ്രസക്തം തന്നെ.

    ReplyDelete
  4. sathyathil aaraayirunnu shikkhandi???
    munnil nirthappetta aa mayilppeelikketto atho
    bheeshmapithaamahan thaano ???

    ReplyDelete