Saturday, November 29, 2008

അമ്മച്ചുടല

ശിശിരം, നിലാവ്‌, നക്ഷത്രങ്ങള്‍
അതേ ഒറ്റമേഘം
ഗ്രഹസംഗമാവര്‍ത്തനം.
'ശുഭമീ മുഹൂര്‍ത്തം അന്ന്‌ ചെവിയില്‍ നീ മന്ത്രിച്ചു.

നാള്‍ കുറിച്ചവര്‍ ,കറുപ്പിന്റെ ദൈവങ്ങള്‍
ഗ്രഹങ്ങളെ സ്തംഭിപ്പിച്ചവര്‍.
തിരസ്കരണിയില്‍ മറഞ്ഞും ഗൂഢം ചിരിച്ചും
ആസക്തിയില്‍ ആഭിചാരം നടത്തിയവര്‍.
അറിഞ്ഞില്ല നമ്മള്‍
കരുവറയില്‍ ഉരുവായത്‌
ഇരുട്ടിന്റെ ഭ്രൂണമെന്ന്‌.

കാണുന്നു
നിന്റെ വ്യഥിതനേത്രങ്ങള്‍,
നിശ്ശബ്ദസന്ദേശങ്ങള്‍,
ശ്വാസതാളഗതിവേഗം.
പെയ്തൊഴിയാനുള്ള സംത്രാസം,
വരിയുന്ന കൈയ്യുകളെ വിലക്കുക
മൌനത്താല്‍ ചുണ്ടുകളെ മെടയുക
നോവുകളൊക്കെയും അകമേയടക്കുക
അരുതുനമ്മള്‍ക്കിനിയൊരാവര്‍ത്തനം
തുടരറ്റ പിതൃത്വമായ്‌
തളര്‍ന്ന നീ മുട്ടുമ്പോള്‍
തുറക്കവയ്യ
ഈ വാതില്‍ വിരക്തിയുടെ..
ഈ രാത്രി നിരാസത്തിന്റെ..

' പശ്ചാത്തപിക്കുക
അഥര്‍വ്വത്തിന്റെ തമ്പുരാന്‌ അടിമകിടന്ന
അഭിശപ്തനെച്ചൊല്ലി.
ജനിപ്പിച്ച തെറ്റിനെച്ചൊല്ലി
പ്രാര്‍ത്ഥിക്കുക
അവനുരുവായ ആദിപ്രകൃതിയുടെ
ആവര്‍ത്തനരാത്രിയില്‍
അവനുവേണ്ടി.
അവനു വിലയമരുത്‌
പിറന്നമണ്ണിലും പഞ്ചഭൂതങ്ങളിലും .


കാത്തിരിപ്പുണ്ട്‌

പിറപ്പിന്റെയറയില്‍ അവനായി
കളവും ഒരു പീഠവും

സദൃശമറിയുന്നൂ സദൃശസാന്നിദ്ധ്യം

ആവാഹനവേള.
ആതമദഹനത്തിന്റേയും .


(മാധ്യമം ആഴ്ച്ചപ്പതിപ്പ്‌ ഡിസംബര്‍ 2008)

Friday, November 28, 2008

പരിഭാഷ - വിളംബിതസ്വപ്നം, സൌമ്യയായ പെണ്‍കുട്ടി, ഇവിടെ ഇപ്പോഴും- Langston hughes



അമേരിക്കന്‍ കവി
Langston hughes~ ന്റെ മൂന്നുകവിതകള്‍


Dream deferred
വിളംബിതസ്വപ്നം

നീട്ടിവെച്ച ഒരു കിനാവിന്‌ എന്തു സംഭവിക്കാം?
വെയിലില്‍ ചുരുണ്ട മുന്തിരിപോലെ വരളുകയോ?
വ്രണം പോലെ പഴുത്തളിഞ്ഞ്‌ ഓടിപ്പോവുകയോ?
ചീഞ്ഞ മാംസം പോലെ ദുര്‍ഗന്ധം പരത്തുകയോ?
പാവൊട്ടും പലഹാരംപോലെ മധുരം പൊറ്റകെട്ടുകയോ?
പെരുതാകും ചുമടേന്തി ചിലപ്പോള്‍ അതിനു നടു കുനിഞ്ഞേക്കാം
അതോ പൊട്ടിത്തെറിക്കുമോ?


Quiet Girl
സൌമ്യയായ പെണ്‍കുട്ടി

ഉപമിക്കുമായിരുന്നു ഞാന്‍ നിന്നെ
താരകളില്ലാത്ത രാവിനോട്‌
നിന്റെ കണ്ണുകളില്ലായിരുന്നെങ്കില്‍
ഉപമിക്കുമായിരുന്നു ഞാന്‍ നിന്നെ
സ്വപ്നങ്ങളില്ലാത്ത നിദ്രയോട്‌
നിന്റെ ഗാനങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍


Still Here
ഇവിടെ, ഇപ്പോഴും

വിരട്ടിയോടിയ്ക്കപ്പെട്ട്‌
അടിച്ചു തകര്‍ക്കപ്പെട്ട്‌
ഞാന്‍
എന്റെ പ്രതീക്ഷകളെ
കാറ്റ്‌ ചിതറിച്ചു
മഞ്ഞെന്നെ ചുരുട്ടി
വെയില്‍ പൊരിച്ചെടുത്തു

ഞാന്‍ ചിരിക്കുന്നത്‌,
സ്നേഹിക്കുന്നത്‌,
ജീവിക്കുന്നതു തന്നെയും നിറുത്താനാവുമോ
എന്നോടവര്‍ ഇത്രയും ചെയ്തത്‌?

കൂസലൊട്ടുമില്ലെനിക്കെന്നിട്ടും
ഞാനുണ്ട്‌ ഇപ്പൊഴും
ഇവിടെത്തന്നെ

Thursday, November 27, 2008

മൃഗശിക്ഷകന്‍- വിജയലക്ഷ്മി- ആലാപനം

മൃഗശിക്ഷകന്‍ (click here)

MRUGASIKSHAKAN-Poem by Vijayalakshmi

Recited by JYOTHIBAI PARIYADATH



>

Monday, November 24, 2008

ആറാമത്തെ കാവല്‍ക്കാരന്‍

വിശ്വസിക്കുക.
അലംഭാവമാര്‍ന്നും
അഗാധമായും ഉറങ്ങുക.
നാട്ടുവെട്ടമണഞ്ഞോട്ടെ,
രാവിരുള്‍ കനത്തോട്ടെ,
ഉയരം പിളരട്ടെ,
ചെരിവില്‍ പടരട്ടെ,
അകലെ മുഴങ്ങട്ടെ,
ഞങ്ങളില്ലേ? കാവലല്ലേ?

കാഴ്ച്ചയില്‍ മിന്നല്‍വേരാഴ്ത്തി
കേള്‍വിയിലിടികുടുക്കി
മണ്‍മണംകൊണ്ടുമയക്കി
രുചിമുകുളങ്ങളെ മരവിപ്പിച്ച്‌
തൊട്ടുപൊള്ളിച്ച്‌
മഴ തിമര്‍ത്തൂ.

ഇന്ദ്രിയങ്ങള്‍
സംവേദനം മറന്ന കാവല്‍ക്കാര്‍

ദിക്കുകളുടെ
ശരമൂര്‍ച്ചകളില്‍
മൂര്‍ച്ഛിക്കാതെ
അഞ്ചും ജാഗരമാക്കി
ഒരാള്‍.....ആറാമന്‍

Tuesday, November 18, 2008

ശിഖണ്ഡിമൌനം


(വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ എഴുതിയ കവിത. കെട്ടും മട്ടും കാലഹരണപ്പെട്ടു പോയെങ്കിലും വിഷയം എന്നും പ്രസക്തം. എല്ലാം ആവര്‍ത്തിക്കപ്പെടുന്നു . ശിഖണ്ഡിമൌനങ്ങളും .. )



ഒരു ചിതകൂടിയെരിയുന്നൂ
കാറ്റില്‍ ചുടലച്ചെങ്കനല്‍ മുഖം മിനുക്കുന്നു
ചടുലതാളത്തില്‍ ചുവടുവെയ്ക്കുമീ
ചുടലബ്ഭൂതങ്ങളറുന്നാര്‍ക്കുന്നു
കഴുകന്‍മാര്‍ കൊക്കും നഖവും കൂര്‍പ്പിച്ചു
മരണഭൂവിതില്‍ വിരുന്നു കാക്കുന്നൂ
കുരുതിച്ചെന്നിണപ്പുഴയൊഴുകുന്നൂ
പുകയുന്നൂ വൈരം ഇതു മൃതിപര്‍വം

അധികാരിയ്ക്കു തന്‍ കളമുറയ്ക്കുവാന്‍
കരുവായീപോലും പഴയ ചേകവന്‍
അണിയായിട്ടിന്നുമടരിലുണ്ടവന്‍
നെറിയെഴാത്തവരിവനുടയവര്‍
കഥയില്‍ കുഞ്ഞാടിന്‍ചുടുനിണത്തിനായ്‌
ചതിയന്‍ ചെന്നായ്തന്‍ വിചിത്രന്യായം പോല്‍
ഇവര്‍ക്കുമായിരം വികലസുക്തങ്ങള്‍
വിധിപ്പവരിവര്‍ വിധിനടത്തുവോര്‍
അരുമയായ്‌ പോറ്റുമരിയ ബാല്യത്തിന്‍
ചിരിയെരിതീയാലണയ്ക്കുവോരിവര്‍
മുനകള്‍ രാകിയ പുതുനാരായത്താല്‍
മൃതിവരം മന്ത്രം കുറിക്കും പ്രാണനില്‍
ലഹരിയാല്‍ നാടിന്‍ യുവത്വമൂറ്റുവോര്‍
ലഹരിയില്‍പ്പോലും വിഷം കലക്കുവോര്‍
ഇവര്‍ക്കു ചൂതാടാന്‍ ശകുനിതന്‍ തുണ
ഇവര്‍ക്കിന്നും സ്ത്രീത്വം പണയസാധനം

കൊടിയ നീരാളിക്കരങ്ങളാല്‍ നാടിന്‍
കരളിലിന്നിവര്‍ പിടിമുറുക്കവേ
ഇതുവിധിയെന്നു നെടുവീര്‍പ്പിട്ടിടാം
'സബ്കോ സന്‍മതി' തെളിയാന്‍ പ്രാര്‍ത്ഥിക്കാം
'എനിക്കില്ല ജാതി' വെളിപ്പെടുത്തിടാം
'എനിക്കെന്തു ചേരി' ഉറക്കെഗ്ഘോഷിക്കാം
ശിഖണ്ഡിമൌനത്തിന്‍ ചിതല്‍പുറ്റാല്‍
മൂടീ ശമത്തിന്‍ മന്ത്രങ്ങളുരുക്കഴിച്ചിടാം
അവസാനസ്പന്ദം നിലയ്ക്കുവോളവും
ഇടറുകാല്‍ വലിച്ചിഴയാം! പോരിക.

Sunday, November 16, 2008

സഹോദരനയ്യപ്പന്‍-ആള്‍ദൈവം-ആലാപനം




സഹോദരനയ്യപ്പന്‍ (1889-1968)
എറണാകുളം ജില്ലയിലെ ചെറായിയില്‍ കുമ്പളത്തുപറമ്പില്‍ കൊച്ചാവുവൈദ്യന്റേയും ഉണ്ണൂലിയുടെയും പുത്രനായി 1889 ആഗസ്റ്റ്‌ 21 നു അയ്യപ്പന്‍ ജനിച്ചു. ചെറായി, വടക്കന്‍പറവൂര്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. കോഴിക്കോട്‌ മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ പ്രീ യൂണിവെഴ്സിറ്റി പഠനം കഴിഞ്ഞ്‌ തിരുവനന്തപുരം മഹാരാജാസില്‍ നിന്നും ബി എ ബിരുദം, തിരുവനന്തപുരം ഗവ: ലാ കോളേജില്‍ നിന്നും നിയമബിരുദം എന്നിവ നേടി. കോഴിക്കോട്ടെ താമസത്തിനിടയില്‍ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയത്‌ ജീവിതത്തിലെ വഴിത്തിരിവായി. ജാതീയതക്കതിരെ ശക്തമായി പ്രതികരിക്കാനുള്ള പ്രചോദനം അദ്ദേഹത്തിനു ആ വഴിക്കാണ്‌ ലഭിച്ചത്‌. 1917 ല്‍ ‍ചെറായിയില്‍ നടത്തിയ മിശ്രഭോജനത്തെത്തുടര്‍ന്ന് കുറെക്കാലം സമുദായഭ്രഷ്ടനാക്കപ്പെടുകയും പുലയനയ്യപ്പന്‍ എന്നു വിളിക്കപ്പെടുകയും ചെയ്തു. . 'സഹോദരന്‍' എന്നപേരില്‍ ഒരു പത്രം അദ്ദേഹം ആരംഭിച്ചു. ജാതീയതക്കെതിരെയുള്ള അയ്യപ്പന്റെ ശക്തമായ നിലപാട്‌ വെളിപ്പെടുത്തുന്ന ലേഖനങ്ങളും കവിതകളും ' സഹോദരനിലൂടെ വെളിച്ചം കണ്ടു. ശ്രീനാരായണഗുരുവിന്റെ ഒരു ജാതി ഒരു മതം ഒരുദൈവം മനുഷ്യന്‌ എന്ന ആഹ്വാനത്തിനോട്‌ ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്‌ ' എന്നാണ്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തത്‌. 'യുക്തിവാദി' മാസികയുടെ സ്ഥാപക പത്രാധിപരായിരുന്നു. കേരളത്തിലെ തൊഴിലാളിപ്രസ്ഥാനങ്ങളുടെ സംഘടനത്തില്‍ അദ്ദേഹവും ഒട്ടും ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്‌. 1928 ല്‍ കൊച്ചിന്‍ ലെജിസ്ളേറ്റീവ്‌ അസംബ്ളിയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. 21 വര്‍ഷക്കാലം പനമ്പള്ളി മന്ത്രിസഭയിലും തുടര്‍ന്ന്‌ 1948 ല്‍ ഇക്കണ്ടവാര്യര്‍ മന്ത്രിസഭയിലും അംഗമായിരുന്നു.
കൃതികള്‍: റാണിസന്ദേശം,പരിവര്‍ത്തനം, ഉജ്ജീവനം,അഹല്യ സഹോദരനയ്യപ്പന്റെ പദ്യകൃതികളില്‍നിന്നുള്ള കവിതയാണ്‌ ആള്‍ദൈവം
കവിത അവലംബം: സഹോദരനയ്യപ്പന്റെ പദ്യകൃതികള്‍ (1934)

Sahodaran Ayyappan

Sahodaran Ayyappan was born as the son of Kumbalapparambil Kochavu Vaidyar and unnooli on august 21 1889 at Cherai, Ernakulum district. After completing schooling at Cheri and N.Paravoor . He did his pre university course at Malabar Christian college Kozhikkode and after acquired B.A Degree from Maharajas College Thiruvananthapuram and degree in Law from Govt: Law college Thiruvanathapuram. He was strongly inspired by sree Narayanaguru and the social revolutionary in him became ready to fight against the social evil of caste system. At cherai in 1917 he organized a 'Mishrabhojan' under Sahodarasngham, which was organized by himself for the purpose of eradicating the evil of casteism. From then he came to be called as 'Pulayanayyappan'. He established himself as a rationalist who did not believe in god or religion. He started a journal containing articles and poems .as a rejoinder to sree Narayanaguru's famous slogan 'One Caste, One God, and One religion for Human-beings he proclaimed his slogan of 'no Caste, No Religion, No God for Human-beings. He was the founder editor of Yukthivadi magazine. He was elected as a member of Cochin Legislative Assembly and was a member in the cabinet of Panampilli Govinda menon for 21 years from 1928 and he was a member at Ikkanda warrior ministry also.

Poems: Ranisandesam,Parivarthanam,Ujjeevanam
Aaldaivam is the poem taken from the collection Sahodarnayyappante Padyakrithikal
Text ref: Sahodarnayyappante Padyakrithikal (1934)


Ref: http://enwikipedia.org/wiki/sahodaran_ayyappan