Tuesday, September 30, 2008

ഏറിയുമിറങ്ങിയുമങ്ങനെ.....


ഏറ്റത്തിലാര്‍ത്തൂ
തടംതല്ലിയലറിക്കരഞ്ഞൂ
ചിരിച്ചൂ മദിച്ചൂ
മുഖംകറുപ്പിച്ചൂ
നെടുവീര്‍പ്പുതിര്‍ത്തൂ

ഇറക്കമാണുള്ളിലേയ്ക്കുള്ളിലേയ്ക്കൊന്നായ്‌
തിരക്കൈകളൊക്കെ
ചുരുക്കിക്കിപ്പിടിച്ചിങ്ങമര്‍ന്നേ കിടപ്പൂ

എങ്കിലുമിരമ്പാതെ വയ്യ
കാറ്റൂഞ്ഞാലിലാലോലമാടാതെ വയ്യ

Saturday, September 20, 2008

കാളിനാടകം - ശ്രീനാരായണഗുരു - ആലാപനം



ശ്രീനാരായണഗുരു(1856-1928)







മലയാളത്തോടൊപ്പം സംസ്കൃതത്തിലും തമിഴിലും കൃതികള്‍ രചിച്ചിട്ടുള്ള ശ്രീനാരായണഗുരു ശിവസ്തവം,ഷണ്‍മുഖദശകം, ഇന്ദ്രിയവൈരാഗ്യം, അറിവ്‌, ജാതിലക്ഷണം, ദേവീസ്തവം, കാളിനാടകം, ദത്താപഹാരം ,സദാചാരം തുടങ്ങി നാല്‍പ്പത്താറ്‌ പ്രശസ്ത രചനകള്‍ നിര്‍വഹിച്ചിട്ടുണ്ട്‌. കാളിനാടകം ദണ്ഡകത്തില്‍ സൃഷ്ടി സ്ഥിതി സംഹാരകാരിണിയായി അവതരിപ്പിക്കപ്പെടുന്ന ദേവിയുടെ അമേയമഹിമ അനാവരണം ചെയ്യപ്പെടുന്നു. താളാത്മകഗദ്യമായി ധരിച്ചുപോന്നതും എന്നാല്‍ ദ്രാവിഡവൃത്തവിരചിതവുമായ കൃതിയാണ്‌ കാളിനാടകം. ആശയങ്ങള്‍ അവിച്ഛിന്നമായി പ്രവഹിക്കുന്നതോടൊപ്പം ഇതില്‍ ഭാഷയും കൌതുകകരമായി വാര്‍ന്നുവീഴുന്നുണ്ട്‌ . ലളിതവും സൌമ്യവും അതേസമയം കരാളവും ഉഗ്രവുമായ ദേവീഭാവങ്ങള്‍ ഇതില്‍ അതീവസുന്ദരമായി ആവിഷകരിച്ചിരിക്കുന്നു . നാദബിന്ദു സ്വരൂപമായും നാശരഹിതമായും വിശ്വം നിറഞ്ഞുനില്‍ക്കുന്ന ശക്തിസ്വരൂപിണിയായ സ്ത്രീതന്നെയാണ്‌ ശ്രീനാരായണഗുരുവിന്റെ കാളി.. ശക്തിചൈതന്യസ്വരൂപമെന്ന നിലയില്‍ സ്ത്രീയുടെ ഉദാത്തഭാവങ്ങളുടെ മൂര്‍ത്തിമദ്‌രൂപം തന്നെയാണവള്‍.

Wednesday, September 10, 2008

ജയന്തമഹാപത്രയുടെ കവിതകള്‍(വിവര്‍ത്തനം)









(A summer poem)
ഒരു ഗ്രീഷ്മകാല കവിത

മ്‌ളാനമാം കാറ്‌റിന്റെ
മര്‍മ്മരത്തിനും മേലെയായി
എന്നത്തേതിലും ഉച്ചത്തില്‍
പുരോഹിതന്‍മാരുടെ മന്ത്രോച്ചാരണം.
വായ്‌ തുറക്കുന്ന ഭാരതം.

ജലാശയങ്ങളുടെ അഗാധതയിലേക്ക്‌
ഊളിയിടുന്ന മുതലകള്‍.
സൂര്യനുകീഴെ
തീയിട്ട ചാണകച്ചപ്പില്‍
പുകയുയരുന്ന പ്രഭാതങ്ങള്‍.

പട്ടടകളിലെ അമര്‍ന്ന മുഴക്കം
തെല്ലും തളര്‍ത്താതെ
ഈ നീണ്ട മദ്ധ്യാഹ്നം മുഴുവന്‍
സ്വപ്നത്തില്‍ മുഴുകി
നല്ലവളായ ഭാര്യ
എന്റെ ശയ്യയില്‍.

(The main temple street ,Puri)
പുരിയിലെ പ്രധാന ക്ഷേത്രവീഥി

ഞൊണ്ടികളേയും
ഇണചേരുന്ന ജന്തുസങ്കരങ്ങളേയും നോക്കി
മണ്ണിന്റെ ചെമ്പന്‍നിറമാര്‍ന്ന കുഞ്ഞുങ്ങള്‍
ചിരിച്ചുകോണ്ടേയിരിക്കുന്നു
ആരും അവരെച്ചൊല്ലി വ്യാകുലരല്ല .

അനന്തതാളസൂചകമായി ക്ഷേത്രം.

പൊടിയണിഞ്ഞ തെരുവിന്‌
തൊലിയുരിച്ച കപാലവര്‍ണ്ണം.
എല്ലാം സദാ ചലിക്കുന്നു
എങ്കിലും എപ്പോഴും ഗോചരം.

ചൂടിന്റെ ആലസ്യമാര്‍ന്ന്‌ പരിക്കുകള്‍.

തന്റെ തന്നെ മൌനത്തിന്റെ താങ്ങില്‍തൂങ്ങി
അവികലമായ അധികാരം
ഉദ്ഘോഷിച്ചുകൊണ്ട്‌
ആകാശമുണ്ട്‌,
അവിടെത്തന്നെ.

(Taste for tomorrow)
നാളേയ്ക്കുള്ള രുചി

പുരിയില്‍ കാക്കകള്‍.

ഇടുങ്ങിയതല്ലാത്ത തെരുവ്‌
ഒരു ഭീമന്‍ നാവു പോലെ
അലസം കിടക്കുന്നു.
അഞ്ചു കുഷ്ഠരോഗികള്‍
വൈദികനൊരുവന്‌ വഴിമാറുന്നു.

തെരുവിനറ്‌റം
ക്ഷേത്രവാതില്‍ക്കല്‍ ജനം തിങ്ങി.

ബൃഹത്തായ വിശുദ്ധപുഷ്പമൊന്ന്‌
മഹത്വമേറും ന്യായങ്ങളുടെ കാററിലാടുന്നു.